കൂത്താട്ടുകുളം: വിദ്യാർഥികളടക്കം നൂറുകണക്കിനു ആളുകൾ സഞ്ചരിക്കുന്ന ഇലഞ്ഞി പഞ്ചായത്തിലെ ചേലയ്ക്കൽ പൊൻകുറ്റി റോഡിൽ പാറമടയിൽനിന്നടക്കമുള്ള വേസ്റ്റും മെറ്റലും തള്ളിയതു യാത്രക്കാർക്ക് ദുരിതമാകുന്നു. ഇവ തള്ളിയിട്ടു നാളുകളേറെയായി. റോഡിന്റെ തുടക്കമായ പൊൻകുറ്റി കവലയിലാണ് നാട്ടുകാർക്ക് ദുരിതംവിതച്ച് വേസ്റ്റ് തള്ളിയിരിക്കുന്നത്.
റോഡ് ടാറിംഗിനു മുന്പ് പൊളിച്ചു നീക്കിയ പഴയ ടാറിംഗിന്റെ അവശിഷ്ടങ്ങളാണ് കൂടുതലും. ഇതോടെ റോഡിന്റെ പകുതിയോളം മാലിന്യ കൂന്പാരമായി മാറിയിരിക്കുകയാണ്. ഇതുമൂലം മഴവെള്ളം ഒഴുകിപ്പോകാതെ ചെളിയും രൂപപ്പെട്ടിരിക്കുകയാണ്. കൂര് സെന്റ് സേവ്യേഴ്സ് യുപി സ്കൂളിലേക്കുള്ള വിദ്യാർഥികളുൾപ്പെടെയുള്ള കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്.
വാഹനങ്ങൾ വരുന്പോൾ മെറ്റൽ കൂനയിൽ ആളുകൾ കയറി നിൽക്കുന്നതും ഏറെ അപകടകരമായ കാഴ്ചയാണ്. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും പതിവാണ്. വിൻകോസ് കറിപൗഡറടക്കമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. മുത്തോലപുരം-ചേലയ്ക്കൽ ഭാഗങ്ങളിൽനിന്നു പൊൻകുറ്റി-അന്ത്യാൽ-പിറവം ഭാഗങ്ങളിലേക്കുള്ള എളുപ്പ മാർഗവുമാണ് ഈ റോഡ്.
രാത്രിയിൽ ലോറികളിൽ കൊണ്ടുവന്നാണ് മെറ്റൽ തള്ളിയത്. റോഡ് നിർമാണത്തിനുള്ള മെറ്റലാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പലയിടങ്ങളിലായി തള്ളിയത് മാലിന്യമാണെന്ന് പുലർച്ചെയാണ് നാട്ടുകാർക്ക് മനസിലായത്. എന്നാൽ ആരാണ് ഗതാഗത തടസം വരുത്തുംവിധം റോഡിൽ ഇത്രയേറെ മാലിന്യം തള്ളിയതെന്ന് പഞ്ചായത്ത് അധികൃതർക്കടക്കം ഇതുവരെ മനസിലാക്കുവാൻ കഴിഞ്ഞിട്ടില്ല.
മാലിന്യം തള്ളിവരെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കുന്നതോടൊപ്പം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെ പലഭാഗങ്ങളും തകർന്ന് തരിപ്പണമായിരിക്കുകയാണ്. മഴക്കാലമായതോടെ ഇതുവഴിയുള്ള ഗതാഗതവും ദുരിതത്തിലാണ്.
ഇരുചക്ര വാഹനയാത്രക്കാർ റോഡിലെ കുഴികളിൽ വീണ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
നു