പുതുക്കാട് : ചെങ്ങാലൂർ മാട്ടുമലയിലെ ക്രഷർ യൂണിറ്റിലെ വിപുലീകരണ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ തടഞ്ഞു. അനധികൃതമായാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ ക്രഷർ വിപുലീകരിക്കാനുള്ള നീക്കം നടക്കുന്നതറിഞ്ഞ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സമരസമിതി പ്രവർത്തകർ ക്രഷറിൽ എത്തുകയായിരുന്നു.
അനധികൃത പ്രവർത്തനങ്ങൾ കണ്ട പ്രവർത്തകർ ബന്ധപ്പെട്ട ഉദ്വോഗസ്ഥരെ വിവരമറിയിച്ചു. തഹസിൽദാരുടെ നിർദേശപ്രകാരം വില്ലേജ് അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയെ തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. വിപുലീകരണത്തിനാവശ്യമായ അനുമതി രേഖകൾ സമർപ്പിക്കാനും ഉടമക്ക് നിർദേശം നൽകി.
എന്നാൽ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് ക്രഷർ വിപുലീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. യന്ത്രസഹായത്തോടെ ക്രഷറിനോട് ചേർന്ന് വലിയകുളം കുഴിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്. മാട്ടുമലയിലെ ക്രഷർ വിപുലീകരണത്തിനെതിരെ പ്രത്യേക ഗ്രാമസഭ ചേർന്ന് പ്രമേയം പാസാക്കിയിരുന്നു.
ഒരു കിലോമീറ്റർ ചുറ്റളവിൽ നാല് ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാൽ പുതിയൊരെണ്ണത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.