നിലന്പൂർ: അനധികൃത ക്വാറികൾക്കെതിരെ ചാത്തല്ലൂർ നിവാസികൾ സമരരംഗത്ത് ഇറങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. ഓരോ വർഷവും ക്വാറികളുടെ എണ്ണം കൂടുന്നതല്ലാതെ അനധികൃത ക്വാറികൾ അടച്ച് പൂട്ടാൻ അധികൃതർ തയാറാകുന്നില്ല. ക്വാറി മുതലാളിമാരിൽ നിന്നും ശന്പളത്തേക്കാൾ കൂടുതൽ തുക മാസപ്പടിയായി ലഭിക്കുന്നതാണ് ഉദ്യോഗസ്ഥർ അനധികൃത ക്വാറി ഉടമകൾക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായവുമായെത്തുന്നത്.
കുന്നുകളും മലകളും നിറഞ്ഞ കിഴക്കേ ചാത്തല്ലൂർ, പടിഞ്ഞാറേ ചാത്തല്ലൂർ മേഖലകൾ പരിസ്ഥിതി ദുർബല പ്രദേശമാണ്. ആറ് വർഷത്തിനിടയിൽ അഞ്ചിലേറെ ഉരുൾപ്പൊട്ടലാണിവിടെ ഉണ്ടായത്. ഓരോ ഉരുൾപ്പൊട്ടൽ കഴിയുന്പോഴും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സ്റ്റോപ് മെമ്മോകളുമായി റവന്യു ഉദ്യോഗസ്ഥരെത്ത്ും. ദിവസങ്ങൾക്ക് ശേഷം ക്വാറികൾ വീണ്ടും സജീവമാകും.
മൂന്ന് വർഷം മുൻപ് സ്വകാര്യ ക്വാറി തുറക്കാനുള്ള നീക്കത്തിനെതിരെ ചാത്തല്ലൂർ-ചൂരിയോട് റോഡിൽ മൂന്ന് മാസം നീണ്ടുനിന്ന ജനകീയ സമരം നടന്നിരുന്നു. കുട്ടികൾ സ്കൂളുകൾ ബഹിഷ്കരിച്ചും സ്ത്രീകൾ ജോലിക്ക് പോകാതെയും നടത്തിയ ഈ ജനകീയ സമരം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നെങ്കിലും ക്വാറി തുറന്ന് തന്നെ പ്രവർത്തിച്ചു.
2000ൽ ചാത്തല്ലൂരിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മുബാറക് ക്വാറിക്കെതിരെ പ്രദേശവാസികൾ സമരം നടത്തിയിരുന്നു. അന്ന് രാഷ്ട്രീയനേതാക്കളുടെ പിന്തുണയോടെ സമരക്കാരെ കേസിൽ കുടുക്കുകയാണ് ക്വാറി ഉടമ ചെയ്തത്. ഈ ക്വാറിയോടെ ചേർന്നാണ് ചൊവ്വാഴ്ച്ച വൻ ഉരുൾപ്പൊട്ടൽ ഉണ്ടായത്.
ജനങ്ങളെ വെല്ലുവിളിച്ച് വീണ്ടും ക്വാറി തുറന്നതോടെയാണ് തിങ്കളാഴ്ച്ച ഈ ക്വാറിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ നിയമസഭയിൽ പ്രസംഗിക്കുന്പോഴാണ് യുഡിഎഫ് എംഎൽഎ പ്രതിനിധാനം ചെയ്യുന്ന ഏറനാട് മണ്ഡലത്തിലെ എടവണ്ണയിൽ ഒരു ഡസനോളം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നത്.
വൻകിടക്കാരുടെ ഒത്താശയുള്ളിടത്തോളം കാലം ക്വാറി മാഫിയകളുടെ അനധികൃത പ്രവർത്തനം തുടരുകയും വീണ്ടും ഉരുൾപ്പൊട്ടലുകൾ ഉണ്ടാകുകയും ചെയ്യും.