വടക്കഞ്ചേരി: പരുവാശേരി പല്ലൂർപറന്പ് പാടത്ത് വെള്ളം നിറയുന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താൻ റവന്യൂ അധികൃതർ ജിയോളജി വകുപ്പിന്റെ സഹായം തേടി.
സ്ഥലത്തു വിശദമായ പരിശോധന നടത്തി ഉറവകളുടെ ഉറവിടങ്ങളും അതു മൂലം ഭാവിയിൽ എന്തെങ്കിലും ഭവിഷ്യത്തുകൾ പ്രദേശത്ത് ഉണ്ടാകുമോ എന്ന് ആശങ്കകളും അകറ്റാനാണ് ജിയോളജി വകുപ്പിന്റെ സേവനം തേടിയിട്ടുള്ളത്.
പാടത്തും പറന്പിലും വെള്ളം നിറയുന്നതു സംബന്ധിച്ച് വടക്കഞ്ചേരി രണ്ട് വില്ലേജ് ഓഫീസർ സുരേഷ് ബാബു തഹസിൽദാർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്.
പാടത്തിനു മുകളിലായി കുന്നിൻപുറത്ത് ഉപയോഗിക്കാതെ കിടക്കുന്ന കരിങ്കൽ ക്വാറിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം ഇതുവരേയും വിജയിച്ചിട്ടില്ല.
ഒരാഴ്ചയോളം പന്പിംഗ് നടത്തിയിട്ടും എട്ടടി മാത്രമാണ് ജലനിരപ്പ് താഴ്ന്നത്. ക്വാറിയിൽ മുപ്പതടിയെങ്കിലും വെള്ളമുണ്ട്. പന്പ് ചെയ്യുന്ന വെള്ളം മറ്റൊരു ഭാഗത്തേക്കാണ് വിടുന്നത്. അവിടേയും വെള്ളം നിറഞ്ഞു.
ഇവിടെ പ്രവർത്തിക്കുന്ന പുതിയ ക്വാറിയിൽ പാറകൾ പൊട്ടിക്കുന്പോൾ പഴയ ക്വാറിയിലെ പാറകൾക്കുണ്ടാകുന്ന വിള്ളലുകളിലൂടെയാകാം വെള്ളം ഭൂമിക്കടിയിലൂടെ പാടത്തേക്ക് എത്തുന്നതെന്ന സംശയങ്ങളാണ് ബലപ്പെട്ടിട്ടുള്ളത്.
പഴയ ക്വാറിയിൽ വെള്ളം നിൽക്കുന്നത് താഴെയുള്ള വീടുകൾക്കും കൃഷിക്കും അപകടകരമാകുന്ന സ്ഥിതിയുണ്ടെങ്കിൽ അത് മണ്ണിട്ടുമൂടാനും ആലോചനയുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി പറന്പുകളിലൂടെയുള്ള ഉറവ വെള്ളത്തിന്റെ തോതുകുറഞ്ഞിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ സുരേഷ് ബാബു പറഞ്ഞു.
എന്നാൽ പ്രദേശത്തെ ചില കിണറുകളിൽ വെള്ളത്തിനു നിറം മാറ്റം ഉണ്ടാകുന്നുണ്ട്. കൊയ്ത്തുകഴിഞ്ഞ് ഉണങ്ങിക്കിടന്നിരുന്ന പാടത്ത് രണ്ടാഴ്ചമുന്പ് മുതലാണ് വെള്ളം നിറയുന്ന പ്രതിഭാസം കാണാൻ തുടങ്ങിയത്.
തുടർന്നു പ്രദേശത്തെ കൂടുതൽ സ്ഥലങ്ങളിലേക്കും ഉറവകൾ രൂപപ്പെടുകയായിരുന്നു. മഴക്കാലത്ത് കുന്ന് ഒന്നാകെ നിരങ്ങി താഴേക്ക് പതിക്കുമോ എന്ന ആശങ്കയാണ് ക്വാറികൾക്കു താഴെയുള്ള അന്പതോളം കുടുംബങ്ങൾക്കുമുള്ളത്.