ഒറ്റപ്പാലം: നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ അനധികൃത കരിങ്കൽ ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം തുടങ്ങി. അന്പലപ്പാറ പഞ്ചായത്തിൽ ചുനങ്ങാട് മുരുക്കുംപറ്റയിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് എതിരെയാണ് ജനങ്ങൾ പ്രക്ഷോഭ രംഗത്തിറങ്ങിയത്.
പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെതുടർന്ന് അന്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു ഈ ഉത്തരവ് ലംഘിച്ചാണ് കരിങ്കൽ കോറി വീണ്ടും പ്രവർത്തനക്ഷമമായത് കഴിഞ്ഞദിവസം പുലർച്ചെ കരിങ്കല്ലുമായി പോവുകയായിരുന്ന ലോറി പ്രദേശവാസികൾ തടഞ്ഞിരുന്നു.
അർധരാത്രിയിലും പുലർകാലത്ത് മാണ് ഇത്തരത്തിൽ കരിങ്കല്ല് നിറച്ച് ലോഡുകൾ വാഹനങ്ങളിൽ കയറി പോകുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. ഈങ്ങനെ പോവുകയായിരുന്ന ലോറികളാണ് നാട്ടുകാർ തടഞ്ഞിട്ടത്. തുടർന്ന് നാട്ടുകാരും ലോഡുമായി പോവുകയായിരുന്ന ആളുകളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അവസാനം ലോറിയിലുണ്ടായിരുന്നവർ ലോഡ് കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിച്ചു തടവുകയും ചെയ്തു.
കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ ഒറ്റപ്പാലം സബ് കളക്ടർക്ക് പരാതി നല്കി. കൃഷിഭൂമി ആയിരുന്ന സ്ഥലം പരിവർത്തനപ്പെടുത്തി കരിങ്കൽ ക്വാറിയാക്കിയതിന് എതിരെ മുന്പുതന്നെ പരാതി ഉയർന്നിരുന്നു തുടർന്ന് ഒറ്റപ്പാലം സബ് കളക്ടർ ഭൂമി പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു എന്നാൽ ഈ ഉത്തരവ് ഇതുവരെയും നടപ്പിലാക്കുകയുണ്ടായില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സബ് കലക്ടർ ഉറപ്പുനല്കിയതായി നാട്ടുകാർ അറിയിച്ചു.
ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ട് പരാതി നല്കിയവർക്കെതിരെ ക്വാറിഉടമകൾ പോലീസിൽ തെറ്റായ പരാതി നല്കി പോലീസിനെ കൊണ്ട് കേസെടുത്തതായി ആക്ഷേപമുണ്ട്. മുരുക്കുംപറ്റ നിലംപതിയിൽ ക്വാറി പ്രവർത്തിക്കുന്ന പ്രദേശത്ത് ഓട്ടിസം ബാധിച്ച നിരവധി കുട്ടികൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കൂടാതെ ഹൃദ്രോഗികൾ മറ്റ് രോഗികൾ എന്നിവരും ഈ പ്രദേശത്ത് കൂടുതലായിട്ടുണ്ട്. ആസ്തമയും അലർജിയും കൂടുതലായി ഈ പ്രദേശത്തെ ആളുകളിൽ കണ്ടുവരുന്നുണ്ട്. പ്രദേശത്തെ പല വീടുകളും ഇതിനകം തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. പല വീടുകൾക്കും വിള്ളലുകളും വീണിട്ടുണ്ട് കരിങ്കൽ കോറി ഉടമകളോട് പ്രവർത്തി അവസാനിപ്പിക്കാൻ നാട്ടുകാർ നിരവധിതവണ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത് കേൾക്കാൻ തയാറാകാതെ പരിസരപ്രദേശത്തെ ചിലരുടെ ഒത്താശയോടെ കൂടിയാണ് ക്വാറിയുടെ പ്രവർത്തനം നടന്നുവരുന്നത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ രേഖാമൂലം ഉത്തരവ് നല്കിയിട്ടും ബന്ധപ്പെട്ടവർ ഇതിന് തയ്യാറാകാത്ത സാഹചര്യമാണുള്ളത്. സബ് കളക്ടറുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.