വടക്കഞ്ചേരി: മംഗലംഡാം വി.ആർ.ടി.യിൽ വീടുകൾക്ക് സമീപം ആരംഭിക്കുന്ന ക്രഷർ യൂണിറ്റിനെതിരെ മലയോരവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനായി അടുത്ത ദിവസം യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾക്ക് അന്തിമ രൂപം നൽകും.കാർഷിക മേഖലയേയും പ്രദേശവാസികളുടെ സ്വൈര്യ ജീവിതവും ഇല്ലാതാക്കുന്ന ക്രഷർ യൂണിറ്റിനെതിരെ ജീവൽമരണ പോരാട്ടം തന്നെ നടത്തുമെന്ന് കർഷകർ പറഞ്ഞു.
ജനങ്ങളെ കുരുതി കൊടുക്കുന്ന ക്രഷർ യൂണിറ്റിന് ബന്ധപ്പെട്ട വകുപ്പുകൾ അനുമതി നൽകുക വഴി വലിയ അഴിമതിയും അനുമതികൾക്ക് പിന്നിലുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. വളരെ ഇടുങ്ങിയ റോഡാണ് വി.ആർ.ടി.യിലേക്ക് നിലവിലുള്ളത്. ക്രഷറിൽനിന്നുള്ള ടിപ്പറുകളും ടോറസുകളും പായുന്നതോടെ റോഡ് തകരുന്നതിനൊപ്പം വഴി നടക്കാനാവാത്ത സ്ഥിതിയാകും.
ക്രഷർ യൂണിറ്റിൽ നിന്നുള്ള പൊടി നിറഞ്ഞ് ഹരിതാഭമായ കാർഷിക പ്രദേശങ്ങളും നശിക്കും.85 ഏക്കറിൽ അയൽ ജില്ലക്കാരനാണ് ക്രഷർ യൂണിറ്റ് തുടങ്ങുന്നത്.ഇതിന്റെ ഒരു ഭാഗം വനപ്രദ്ദേശമാണെന്നിരിക്കെ, ക്രഷർ വരുന്നത് തടയാൻ വനം വകുപ്പും നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ടു്.
കിഴക്കഞ്ചേരി രണ്ടു് വില്ലേജിൽ വരുന്ന പ്രദേശമാണിത്. ഇവിടേക്ക് ലൈൻ വലിച്ച് വൈദ്യുതി എത്തിച്ചു കഴിഞ്ഞു.മറ്റു പ്രവർത്തനങ്ങളും ദ്രുതഗതിയിലാണ് നടക്കുന്നത്.