ചാത്തന്നൂർ: ഫോട്ടോ ഷൂട്ടിനിടെ 150 അടിയോളം താഴ്ചയുള്ള പാറക്കുളത്തിൽ വീണ പ്രതിശ്രുത വധുവരന്മാർ പുനർജന്മം കിട്ടിയതിന്റെ ആശ്വാസത്തിൽ. പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ വിവാഹം മാറ്റിവച്ചതായി ബന്ധുക്കൾ അറിയിച്ചു.
പരവൂർ ,കല്ലുവാതുക്കൽ സ്വദേശികളായ പ്രതിശ്രുത വധൂവരന്മാരാണ് പാറക്കുളത്തിൽ വീണത്.ഇന്നായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇവർ ഇന്നലെ പല ക്ഷേത്രങ്ങളിലും ദർശനത്തിന് പോയിരുന്നു.
ക്ഷേത്ര ദർശനത്തിന് ശേഷം വേള മാനൂർ കാട്ടു പുറത്തെ പാറക്വാറിയിലുമെത്തി. പാറക്വാറിയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് പിന്നോട്ട് നടന്ന യുവതി കുളത്തിൽ വീണത്. യുവതിയെ രക്ഷിക്കാനായി യുവാവും കുളത്തിലേയ്ക്ക് ചാടി.
ഇവരുടെ നിലവിളി കേട്ട് അടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി കൊണ്ടിരുന്ന യുവാവ് ഓടിയെത്തി. കുളത്തിൽ വീണവരെക്കുറിച്ച് നാട്ടുകാരെ അറിയിച്ചു.
പാറപൊട്ടിച്ചെടുത്ത കുളത്തിന് 150 അടിയോളം താഴ്ചയുണ്ട്. കുളത്തിൽ അമ്പതടിയോളം വെള്ളവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിൽ യുവാവ് യുവതിയെ രക്ഷിച്ച് പാറയുടെ വശത്ത് എത്തിച്ചു.
നാട്ടുകാർ വലിയ കയറും ഇവർക്ക് എറിഞ്ഞു കൊടുത്തു. കയറിൽ പിടിച്ച് രക്ഷപ്പെട്ടിരുന്ന ഇവർക്ക് നാട്ടുകാർ പൈപ്പ് കൊണ്ട് ചങ്ങാടമുണ്ടാക്കി കുളത്തിലേയ്ക്കിട്ടുകൊടുത്തു.
ഒരു സംഘം ചെറുപ്പക്കാരും കുളത്തിലിറങ്ങി സാന്ദ്രയെചങ്ങാടത്തിൽ ഇരുത്തി കരയിലെത്തിച്ചു.വിവരമറിഞ്ഞ് പാരിപ്പള്ളി പോലീസും പരവൂർ നിന്നും ഫയർഫോഴ്സും എത്തി രക്ഷപ്പെടുത്തി കരയിൽ എത്തിച്ച ഇരുവരെയും ബന്ധുക്കൾ എത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. വീഴ്ചയിൽ യുവതിയുടെ കാലിനാണ് പരിക്കേറ്റത്.