ഷൊർണൂർ: അനധികൃത കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ജനങ്ങളുടെ സമാധാനം കെടുത്തുന്നു. ഒരിടവേളയ്ക്കുശേഷം വീണ്ടും വ്യാപകമായിത്തീർന്ന കരിങ്കൽ ക്വാറികളാണ് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയർത്തുന്നത്.
എതിർ ശബ്ദമുയർത്തുന്നവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ക്വാറി മാഫിയകൾ കീഴ്പ്പെടുത്തുകയാണെന്നാണ് ഉയർന്നുവന്നിട്ടുള്ള വ്യാപകമായ ആക്ഷേപം. ചില പ്രദേശങ്ങളിൽ വ്യാജപരാതികൾ നൽകിയും പോലീസിനെ ഉപയോഗിച്ച് കേസ് എടുപ്പിച്ചും ജനങ്ങളുടെ വായടപ്പിക്കാൻ ആണ് കരിങ്കൽ ക്വാറി മാഫിയകൾ ശ്രമം നടത്തുന്നത്.
വാണിയംകുളം പഞ്ചായത്തിലാണ് ഏറ്റവുമവസാനം ക്വാറി മാഫിയകളുടെ ശല്യംമൂലം ജനങ്ങൾ വലയുന്നത്. വാണിയംകുളം, വെള്ളിയാട് ജനവാസമേഖലയിൽ ക്വാറി പ്രവർത്തനത്തെ തുടർന്ന് 17 വീടുകൾക്കാണ് തകർച്ച നേരിട്ടിരിക്കുന്നത്. മേൽപറഞ്ഞ വീടുകളുടെ ചുമരും അടിത്തറയും മതിലുകളും വിണ്ടുകീറിയ അവസ്ഥയിലാണ്. ചിലരുടെ കിണറുകളുടെ ആൾമറയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോടതി ഉത്തരവിലൂടെ എതിർപ്പ് മറികടന്നാണ് വെള്ളിയാട് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം എന്നാണ് പറയപ്പെടുന്നത്.
അതേ സമയം ക്വാറി പ്രവർത്തനത്തിന് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ക്വാറിക്ക് സമീപം ആരോഗ്യ കേന്ദ്രവും സർക്കാർ ഐടിഐ എന്നിവയുടെയും സ്ഥാപനങ്ങളുണ്ട്. ഈ ക്വാറിക്ക് സമീപംതന്നെ മറ്റു രണ്ട് കരിങ്കൽ ക്വാറികൾ കൂടി പ്രവർത്തനം നടത്തിവരുന്നുണ്ട്.
ഭാരതപ്പുഴയുടെ തീരത്തെ 50 ഏക്കറോളം ഭൂമിയിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ജനങ്ങൾ ശക്തമായ പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ കരിങ്കൽ ക്വാറി കളുടെയും പാറമടകളുടെ യും പ്രവർത്തനം ഒരിടവേളക്ക് ശേഷം സജീവമായിരിക്കുകയാണ്. ഇതിനുപുറമേ അനധികൃത മണ്ണെടുപ്പ്, മണൽവാരൽ എന്നിവയും നടന്നുവരുന്നുണ്ട്.
അനധികൃത കരിങ്കൽ ക്വാറികളുടെ പ്രവർത്തനങ്ങളാണ് ഇതിൽ കൂടുതൽ രൂക്ഷം ആയിട്ടുള്ളത്. കരിങ്കൽ ക്വാറികളുടെ പ്രവർത്തനം വ്യാപിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഇതുമൂലം ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് ഭംഗം വരുമെന്നും വൻ സ്ഫോടനങ്ങൾ നടത്തി പാറകൾ പൊട്ടിക്കുന്നത് വഴി ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പട്ടാന്പിയിലും ദേശമംഗലത്തുമാണ് പല അവസരങ്ങളിലുമായി ഭൂമികുലുക്കം അനുഭവപ്പെട്ടിട്ടുള്ളത്. അനിയന്ത്രിതമായ മണൽ വാരലും മണ്ണെടുപ്പും മറ്റ് പ്രകൃതി ചൂഷണങ്ങളും ആണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. റവന്യൂ വിഭാഗത്തിന്റെയും, പോലീസിന്റെയും ശക്തമായ ഇടപെടലുകളാണ് മുൻകാലത്ത് പ്രകൃതി ചൂഷണം തടയാൻ ഒരു പരിധി വരെ കാരണമായത്.
എന്നാൽ അതേ പ്രകൃതി ചൂഷണങ്ങൾ വൻതോതിൽ തിരിച്ചുവരുന്ന സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്. വാണിയംകുളം വള്ളിയാട് കരിങ്കൽ ക്വാറിയുടെ പ്രവർത്തനംമൂലം തകർന്ന വീടുകൾ പികെ ശശി എംഎൽഎ സന്ദർശിച്ചു.