പെരുമ്പാവൂർ: പാറമടയിലെ മരത്തിൽ ആത്മഹ്യ ചെയ്യുന്നതായി കാണിച്ച് കുറിപ്പെഴുതിയ യുവതിക്കായി മടയിലെ കയത്തിൽ ഫയർഫോഴ്സിന്റെ തെരച്ചിൽ.
മണിക്കൂറുകൾക്കുശേഷം സമീപ പ്രദേശത്തെ താമസമില്ലാത്ത വീടിനടുത്ത് അവശനിലയിൽ കണ്ടെത്തിയ യുവതിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചു.
വേങ്ങൂർ വക്കുവള്ളിയിലെ പാറമടയ്ക്ക് സമീപം നിൽക്കുന്ന പുളിമരത്തിൽ ആത്മഹത്യ ചെയ്യുന്നതായി കത്തെഴുതിയ വേങ്ങൂർ സ്വദേശിനിയായ യുവതിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്.
ഇവിടെ തെരഞ്ഞിട്ടു കാണാതായതോടെ ഇവർ പാറമടയിൽ ചാടിയേക്കാം എന്ന അനുമാനത്തിലെത്തുകയായിരുന്നു.
തുടർന്ന് ഒരേക്കർ വിസ്തീർണവും 150 അടി താഴ്ചയും നിറയെ വെള്ളവുമുള്ള പാറമടയിൽ പെരുമ്പാവൂർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനയുടെ മുങ്ങൽ വിദഗ്ധരായ കെ.ബി. ബിജുമോൻ, കെ.എൻ. ബിജു, കെ.കെ. രാജു, ഷാജി ജോസഫ്,
വി.എം. ഷാജി എന്നിവർ ഒരു മണിക്കൂർ തെരഞ്ഞെങ്കിലും യുവതിയെ കണ്ടെത്താനായില്ല. വീണ്ടും സമീപ പ്രദേശത്തെ റബർ തോട്ടത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ താമസമില്ലാത്ത വീടിനടുത്ത് യുവതിയെ അവശയായ നിലയിൽ ഉച്ചയ്ക്ക് 12 ഓടെ കണ്ടെത്തുകയായിരുന്നു.
ഉടനെ പ്രഥമ ശുശ്രൂഷ നൽകി സേനയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റി.