കൊണ്ടോട്ടി: കരിങ്കല്ല് ക്വാറിയിൽ വെളളക്കെട്ടിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മക്കളായ വിദ്യാർഥിനികൾക്ക് നാട്് കണ്ണീരോട് വിട ചൊല്ലി.
ഒളവട്ടൂർ എച്ച്ഐഒഎച്ച്എസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ആയിഷ റിൻഷ (15), ഏഴാം ക്ലാസ് വിദ്യാർഥിനി നാജിയ ഷെറിൻ(13) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വൻജനാവലിയുടെ സാന്നിധ്യത്തിൽ ആലങ്ങാട് ഹസൻ ജുമാമസ്ജിദിൽ കബറടക്കിയത്.
തിങ്കളാഴ്ച രാത്രിയോടെ പോസ്റ്റ്മോർട്ടം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് വീട്ടിലെത്തിച്ചത്.
അപകട വാർത്തയറിഞ്ഞ് ഗൾഫിൽ നിന്ന് മരിച്ച ആയിഷ റിൻഷയുടെ പിതാവ് കോയയും നാജിയയുടെ സഹോദരൻ മഷ്ഹൂദും ഇന്നലെ പുലർച്ചെയോടെ വീട്ടിലെത്തിയിരുന്നു. മരണ വിവരം അറിഞ്ഞ് സഹപാഠികളും നാട്ടുകാരും അധ്യാപകരും വീട്ടിലേക്ക് ഒഴുകി.
ആത്മമിത്രങ്ങളുടെ മുഖം കണ്ട് പലരും പൊട്ടിക്കരഞ്ഞു. സ്കൂളിൽ ക്ലാസ്സ് മുറികൾക്ക് അപ്പുറത്തേക്ക് വളർന്ന സൗഹൃദമായിരുന്നു ഇരുവർക്കും. ആയതിനാൽ തന്നെ ഇരുവരുടേയും മരണം കൂട്ടുകാരികൾക്കും അധ്യാപകർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.
സഹോദരങ്ങളുടെ മക്കളാണെങ്കിലും ആത്മമിത്രങ്ങളായിരുന്നു ഇരുവരുമെന്ന് സഹപാഠികളും പറഞ്ഞു. നേരത്തെ പ്രവർത്തനം നിർത്തിവച്ച ക്വാറിയിലാണ് ഇരുവരും അപകടത്തിൽ പെട്ടത്. ക്വാറിയിൽ നിന്ന് വീട്ടിലേക്കുളള പൈപ്പ് നന്നാക്കുവാനായി പോയതായിരുന്നു.
ഇതിനിടയിലാണ് വെളളത്തിൽ മുങ്ങിയത്. ആത്മമിത്രങ്ങൾക്ക് കബറുകളും അടുത്തടുത്താണ് ഒരുക്കിയിരുന്നത്. കബറടക്ക ചടങ്ങിലും പലർക്കും ദുഖം നിയന്ത്രിക്കാനായില്ല. മയ്യത്ത് നമസ്കാരത്തിന് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ നേതൃത്വം നൽകി.
ജില്ലാപഞ്ചായത്ത് അംഗം സറീന ഹസീബ്, പുളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ഷറീന അസീസ്, പി.മോയുട്ടി മൗലവി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കുസുമം, സിപിഎം ജില്ലാ സെക്രട്ടി ഇ.എൻ മോഹൻദാസ്, ഏരിയാ സെക്രട്ടറി എൻ.പ്രമോദ് ദാസ് തുടങ്ങിയവർ വീട്ടിലെത്തി.