എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് പാറഖനനം നിലച്ചതോടെ നിർമ്മാണ മേഖല പൂർണമായും സ്തംഭിച്ചു. സംസ്ഥാനത്ത് 750 ക്വാറികളാണ് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നത്. കനത്തമഴയും ഉരുൾപൊട്ടൽ ഭീഷണിയും കാരണം ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശ പ്രകാരം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം സംസ്ഥാന സർക്കാരാണ് പാറഖനനം പൂർണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.
നിലവിലെ സാഹചര്യത്തിൽ ഉടൻ നിരോധനം പിൻവലിക്കാൻ ഇടയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. നിരോധനം പിൻവലിക്കേണ്ടത് സർക്കാർ ആണെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ കെ ബിജുവിന്റെ പ്രതികരണം. സർക്കാർ ഉത്തരവിറക്കിയാൽ മാത്രമെ ക്വാറികളുടെ പ്രവർത്തനത്തിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകൂ. അതുവരെ നിരോധനവും പരിശോധനയും തുടരുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
ക്വാറികളുടെ പ്രവർത്തനം നിലച്ചതോടെ നിർമ്മാണ മേഖല പൂർണമായും സ്തംഭിച്ചു. ഇതുകാരണം ഈ മേഖലയിലെ തൊഴിലാളികൾ പട്ടിണിയിലുമായി. നിർമാണമേഖലയിൽ സംസ്ഥാനത്ത് കൂടുതൽ തൊഴിലെടുക്കുന്നത് ഇതരസംസ്ഥാനക്കാരാണ്.
പാറ,പാറപ്പൊടി,എംസാൻഡ്, മണൽ എന്നിവ ലഭിക്കാതായതോടെ കോൺട്രാക്ടർമാർ നിർമാണ പ്രവൃത്തികൾ പൂർണമായും നിർത്തി വച്ചിരിക്കുകയാണ്. സർക്കാർ പ്രവൃത്തികൾ അടക്കം നിലച്ചതോടെ ജോലി നഷ്ടമായ ഇതരസംസ്ഥാനക്കാർ കൂട്ടത്തോടെ സ്ഥലംവിടുകയാണ്. ഇവരെ പിടിച്ചുനിർത്താൻ കോൺട്രാക്ടർമാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരിൽ പലരും മടങ്ങിപ്പോകുകയാണ്.
ചെലവിനുള്ള തുക നൽകിയാണ് പലരും തൊഴിലാളികളെ തിരികെ പോകാതിരിക്കാൻ പിടിച്ചുനിർത്തുന്നത്. ക്വാറികളുടെ പ്രവർത്തനം ഉടൻ ആരംഭിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ചിങ്ങമാസത്തിലാണ് പലരും പുതിയ വീടുപണി ആരംഭിക്കുന്നതും കയറി താമസിക്കുന്നതും. നിർമ്മാണമേഖലയുടെ പ്രധാന സീസൺ ഓണക്കാലമാണ്.
ഇതു പ്രതിസന്ധിയിലായതോടെ നിർമാണ സാമഗ്രികൾ അടക്കമുള്ളവയ്ക്കും വിൽപനയില്ല. പുതിയ നിർമാണ പ്രവർത്തികളൊന്നും ക്വാറികളുടെ പ്രവർത്തനം പുനരാരംഭിക്കാതെ തുടങ്ങേണ്ടെന്നാണ് കോൺട്രാക്ടർമാരുടെ സംഘടനയുടെ തീരുമാനം. ഇതു സർക്കാരിന്റെ അടക്കം നിർമാണത്തിലിരിക്കുന്ന വൻകിട പദ്ധതികളുടെ പ്രവർത്തനത്തേയും ബാധിക്കും. പാറ ലഭിക്കാതയതോടെ വിഴിഞ്ഞം പദ്ധതി അടക്കം നിലച്ചമട്ടാണ്.
മലയോര മേഖലയിലെ പാറ ഖനനം ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. ചെങ്കല്‍ ഖനനവും നിരോധന പരിധിയില്‍ ഉള്‍പ്പെടുമെന്ന് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ കെ.ബിജു പറഞ്ഞു.
പലയിടത്തും പ്രദേശിക തലത്തിൽ വലിയ പ്രതിഷേധമാണ് ക്വാറികൾക്കെതിരെ നടക്കുന്നത്. സർക്കാർ അനുമതി ലഭിച്ചാലും ഖനനം തുടങ്ങണമെങ്കിൽ നാട്ടുകാരുടെ അനുമതി കൂടി ലഭിക്കണമെന്ന അവസ്ഥയാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന ഭയ കാരണം പല ക്വാറികൾക്കു മുന്‍പിലും നാട്ടുകാർ പ്രതിഷേധത്തിലാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ രണ്ടു ദിവസത്തേക്ക് ക്വാറികളുടെ പ്രവർത്തനം നിർത്തി വയ്ക്കണമെന്ന റിപ്പോർട്ട് നൽകാറുള്ളുവെന്ന് ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ ശേഖർ കുര്യാക്കോസ് രാഷ്ട്രദീപികയോട് പറഞ്ഞു.
രണ്ടു ദിവസം തുടർച്ചയായി മഴപെയ്താൽ അതാത് സ്ഥലക്കെ വില്ലേജ് ഓഫീസർമാർക്ക് ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകാം. ഇതെല്ലാം കാരണം ഉടൻ ക്വാറികളുടെ പ്രവർത്തനം ആരംഭിക്കുക ബുദ്ധിമുട്ടാണെന്ന സൂചന തന്നെയാണ് സർക്കാരും നൽകുന്നത്.
തമിഴ്നാട്ടിൽനിന്നുള്ള പാറപ്പൊടിക്കും വിലക്ക്; നിർമാണ മേഖല പൂർണമായി സ്തംഭിച്ചു
സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ ക്വാറി പ്രവർത്തനങ്ങൾക്കു വിലക്കേർപ്പെടുത്തിയതോടെ അന്യസംസ്ഥാനങ്ങളിൽനിന്ന് നിർമാണ വസ്തുക്കൾ എത്തിച്ച് പണികൾ നടത്താമെന്നു കരുതിയാലും ക്വാറി മാഫിയ വിടില്ല. പോലീസിനെ ഉപയോഗിച്ച് ഇത്തരം സാധനങ്ങൾ കടത്തുന്നതു തടയും.
ക്വാറി മാഫിയയുടെ പണക്കിഴിയുടെ കനത്തിനനുസരിച്ച് പോലീസും നിൽക്കുന്നതോടെ അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു കൊണ്ടുവരുന്ന പാറപ്പൊടിയടക്കമുള്ള സാധന സാമഗ്രികൾക്കു വിലക്കേർപ്പെടുത്തിയിരിക്കയാണ്. അഥവാ ആരെങ്കിലും കൊണ്ടുവന്നാൽ അതു വഴിയിൽ തടയുക മാത്രമല്ല വൻ തുക പിഴ ഈടാക്കുകയും ചെയ്യും.
മണൽവാരൽ നിർത്തിയതോടെയാണ് തമിഴ്നാട്ടിൽനിന്ന് കുറഞ്ഞ ചെലവിൽ കേരളത്തിലേക്കു പാറപ്പൊടി കൊണ്ടുവരാൻ തുടങ്ങിയത്. എന്നാൽ ക്വാറി മാഫിയകൾ പോലീസിനെ ഉപയോഗിച്ച് ഇതു തടഞ്ഞു. ടോറസ് ലോറികളിൽ കൊണ്ടുവരുന്ന പാറപ്പൊടിക്കു ഭാരം കൂടുതലാണെന്നു പറഞ്ഞാണ് ആദ്യം തടഞ്ഞത്. പിന്നീട് പാറപ്പൊടിയുമായി വരുന്ന ലോറികൾക്കു വൻതുക പിഴ ഇൗടാക്കിയതോടെ ഇവരും പിൻമാറി.
ക്വാറികളിൽ ഉത്പാദിപ്പിക്കുന്ന പാറപ്പൊടി വൻതുകയ്ക്കാണ് കേരളത്തിലെ ക്വാറിയുടമകൾ നൽകിയിരുന്നത്. തമിഴ്നാട്ടിൽനിന്ന് ഇതിലും വില കുറച്ചാണ് പാറപ്പൊടി എത്തിച്ചിരുന്നത്. ഇതു തിരിച്ചടിയായതോടെയാണ് പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കൈയിലെടുത്തു ലോറികൾ തടഞ്ഞു പിഴയീടാക്കാൻ തുടങ്ങിയത്. പാറപ്പൊടിയുമായി വരുന്ന ലോറികൾക്ക് 25,000 രൂപയിലധികമായിരുന്നു പിഴയീടാക്കിയിരുന്നത്. ഇതു നൽകാൻ സാധിക്കാതെ വന്നതോടെ ലോറികളിൽ പാറപ്പൊടി കൊണ്ടുവരുന്നതു നിർത്തി.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ക്വാറികളുടെ പ്രവർത്തനം നിർത്തിയതോടെ നിർമാണമേഖല പൂർണമായും സ്തംഭിച്ചു. പാറപ്പൊടിയടക്കം കിട്ടാതായി. നദികളിലും ഡാമുകളിലുമൊക്കെ ആവശ്യത്തിലധികം മണൽ നിറഞ്ഞതോടെ മഴ വന്നാൽ പെട്ടെന്നു നിറയുന്ന സാഹചര്യമാണ്. എന്നാലും മണൽ വാരില്ലെന്ന നിലപാടെടുക്കുന്നതോടെ നിർമാണ മേഖല പൂർണമായും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരുടെ നിർമാണ പ്രവർത്തനങ്ങളും മുടങ്ങി. പാറപ്പൊടിയില്ലാത്തതിനാൽ സിമന്റ് ഇഷ്ടികനിർമാണവും നിലച്ചു. ഇത്തരം കന്പനികളിൽ ജോലി ചെയ്തുവന്നിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം തൊഴിലില്ലാതായി. പലരും വീടുകളിലേക്കു മടങ്ങി. നിർമാണ മേഖലയുമായി ബന്ധപ്പെട്ട കന്പി, സിമന്റ്, ഇഷ്ടിക വ്യാപാര മേഖലകളിലും മാന്ദ്യം ബാധിച്ചിരിക്കയാണിപ്പോൾ.