പത്തനംതിട്ട: അനധികൃത പാറഖനനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്ത്തകന് തിരുവനന്തപുരം പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ചു പറഞ്ഞ പരാതിയുടെ വിശദാംശങ്ങള്‍ പാറമട ഉടമയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്.
എസ്ഐ സാജു പി. ജോര്‍ജ്, സിപിഓമാരായ സച്ചിന്, രതീഷ്(മത്തായി) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
നടപടി ഉണ്ടാകുമെന്നു മനസിലാക്കി സ്ഥലംമാറ്റത്തിനു ശ്രമിക്കുന്നതിനിടെയാണ് എസ്ഐയ്ക്ക് സസ്പെന്ഷന് ഉത്തരവ് ലഭിച്ചത്.
പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി അംഗവുമായ ബിജു മോടിയിലിനാണ് വധഭീഷണി നേരിടേണ്ടി വന്നത്.
ഉദ്യോഗസ്ഥരുടെ ഒത്താശയിൽ
ചിറ്റാര്‍ മീന്‍കുഴി തടത്തില്‍ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്ക് സമീപമാണ് അച്ചായന് എന്ന വിളിപ്പേരില്‍ അറിയുന്ന ക്വാറി ഉടമ പാറ പൊട്ടിച്ചത്.
മൈനിംഗ് ആന്‍ഡ് ജിയോളജിയുടെയും മറ്റ് വകുപ്പുകളുടെയും അനുമതിയില്ലാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ മാസങ്ങളായി തുടരുന്ന ഖനനത്തിനെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിജു പരാതി നല്‍കിയിരുന്നു.
എങ്ങും ഒരു അനക്കവും ഇല്ലാതെ വന്നപ്പോഴാണ് 112 എന്ന ഹെല്പ്ലൈന് നമ്പരില്‍ തിരുവനന്തപുരം പോലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചത്.
കണ്ട്രോള് റൂമില്‍ നിന്ന് വിവരം കിട്ടിയത് അനുസരിച്ച് ചിറ്റാര്‍ പോലീസ് അവിടെ ചെന്ന് നോക്കിയെങ്കിലും ഖനനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
ഇതിനു പിന്നാലെയാണ് പരാതിക്കാരനായ ബിജുവിനു നേരെ ക്വാറി ഉടമയുടെ ഭീഷണി ഉണ്ടായത്.
ആദ്യം കെപിഎംഎസ് സംസ്ഥാന നേതാവ് എന്ന് പരിചയപ്പെടുത്തിയ ആള് വിളിച്ച് ഒരു വിഷയം സംസാരിച്ച് തീര്‍ക്കണം എന്നാവശ്യപ്പെട്ടു.
ഭീഷണി
പിന്നാലെ ക്വാറി മാഫിയാ സംഘങ്ങള്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വെട്ടിക്കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ചിറ്റാര്‍ പോലീസില്‍ നിന്നും പാറ, മണ്ണ് മാഫിയകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്കുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ദക്ഷിണ മേഖലാ ഐജിയുടെ നിര്‍ദേശ പ്രകാരം നടന്ന അന്വേഷണത്തിലാണ് സസ്പെന്ഷന്.