വിശാഖപട്ടണം: ശിഖര്‍ ധവാന്റെ സെഞ്ചുറി മികവില്‍ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയുടെ പരമ്പര ശിക്കാര്‍. ആദ്യ മത്സരത്തിലെ വമ്പന്‍ പരാജയത്തിനുശേഷം തിരിച്ചുവന്ന ഇന്ത്യ തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.നിര്‍ണായക മത്സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 107 പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 85 പന്തില്‍നിന്നു സെഞ്ചുറി തികച്ച ധവാന് പുറത്താകാതെനിന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി കണ്ടെത്തിയ പുതുമുഖം ശ്രേയസ് അയ്യര്‍ ധവാനു മികച്ച പിന്തുണ നല്കി. ധവാന്റെ 12-ാമത് ഏകദിന സെഞ്ചുറിയാണിത്.
ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണിത്. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയുടെ ആദ്യ പരന്പര വിജയം കൂടിയാണിത്. രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മയുടെ ഇരട്ടസെഞ്ചുറി മികവില്‍ ഇന്ത്യ വിജയിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയെ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാ ഹലും ചേര്‍ന്ന് 215ന് പുറത്താക്കി. 95 റണ്‍സ് നേടിയ ഉപുല്‍ തരംഗയുടെ പ്രകടനം മാത്രമാണ് ലങ്കയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. 82 പന്തില്‍നിന്നാണ് തരംഗ 95 റണ്‍സ് നേടിയത്. ഗുണതിലക(13), സമരവിക്രമ(42), എയ്ഞ്ചലോ മാത്യൂസ്(17), അസേല ഗുണരക്ത(17) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ‘
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും മൂന്നു വിക്കറ്റുകള്‍ നേടി. ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ വീതവും നേടി. രണ്ടിന് 160 എന്ന നിലയില്‍നിന്നാണ് ശ്രീലങ്ക തകര്‍ന്നടിഞ്ഞത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ത്തന്നെ രണ്ടാം മത്സരത്തിലെ ഇരട്ടസെഞ്ചുറിവീരന് രോഹിത് ശര്‍മ(7)യെ നഷ്ടപ്പെട്ടു.
എന്നാല്‍ തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ക്കൊപ്പം ധവാന് ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 135 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ധവാന്-അയ്യര്‍ സഖ്യത്തിനായി. വ്യക്തിഗത സ്കോര്‍ 65ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് അയ്യര്‍ പുറത്തായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് അയ്യര്‍ അര്‍ധസെഞ്ചുറി നേടുന്നത്. ആദ്യമത്സരത്തില്‍ 88 റണ്‍സാണ് ഈ പാതി മലയാളി നേടിയത്.
ഇതിനുശേഷമെത്തിയ ദിനേശ് കാര്‍ത്തിക്കിനെ(22 നോട്ടൗട്ട്) കൂട്ടുപിടിച്ച് ധവാന് ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. 14 ബൗണ്ടറിയും രണ്ട് സിക്സറുമടക്കമാണ് ധവാന് സെഞ്ചുറി തികച്ചത്. ഇതോടെ ഏകദിനത്തില്‍ 4000 റണ്‍സ് തികയ്ക്കാനും ധവാനായി. 26 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക് പുറത്താകാതെ നിന്നു.