കായംകുളം: ഭീമമായ നഷ്ടം സഹിച്ചും കേരളത്തിന്റെ പരന്പരാഗത തൊഴിൽ വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
കശുവണ്ടി, കയർ അടക്കമുള്ള പരന്പരാഗത വ്യവസായ മേഖലകൾ കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ചിരുന്ന തൊഴിൽ മേഖലയിലെ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും അതിനുതകുന്ന തരത്തിൽ ഈ മേഖലകളെ പുനരുജ്ജീവിപ്പിച്ചുമാണ് സർക്കാർ മുന്നോട്ടു പോകുന്നത്.
കശുവണ്ടി വികസന കോർപറേഷന്റെ സുവർണജൂബിലിയുടെ ഭാഗമായി ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് കായംകുളത്തെ കശുവണ്ടി ഫാക്ടറി സമുച്ചയം നവീകരിച്ചത്. ഫാക്ടറിയിലെ മുതിർന്ന തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് തൊഴിലാളികൾ സമാഹരിച്ച 5,25,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി ഏറ്റുവാങ്ങി. ഓണ്‍ലൈൻ പഠനത്തിനായി ഫാക്ടറിയിലെ നിർധന തൊഴിലാളിയുടെ മക്കൾക്കായി ടിവി കൈമാറുന്ന പദ്ധതി എ.എം. ആരിഫ് എംപി നിർവഹിച്ചു.
യു. പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ, കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ക്യാപെക്സ് ചെയർമാൻ പി.ആർ. വസന്തൻ, തുണ്ടത്തിൽ ശ്രീഹരി, നഗരസഭാ കൗണ്‍സിലർ ഭാമിനി സൗരഭൻ എന്നിവർ പങ്കെടുത്തു.