മുതലമട: പറന്പിക്കുളം അണക്കെട്ട് ഷട്ടറിനു വടക്കുഭാഗത്ത് സംരക്ഷണഭിത്തിയിൽ ജലച്ചോർച്ച രൂപംകൊണ്ടതോടെ കുരിയാർകുറ്റി ഉൾപ്പെടെയുള്ള താഴ് വാരപ്രദേശങ്ങളിൽ കഴിയുന്നവർ ഭീതിയിൽ. ആറുമാസംമുന്പ് നേരിയ തോതിലായിരുന്നു വെള്ളം ഇറങ്ങിയിരുന്നത്.
എന്നാൽ ചോർച്ചയുടെ അളവ് കൂടിവരുന്നത് ആശങ്കാജനകമായതിനാൽ സംരക്ഷണഭിത്തിയുടെ നിലവിലെ സ്ഥിതി വകുപ്പ് അധികൃതർ പഠനം നടത്തി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്.പറന്പിക്കുളം ഷട്ടർതുറന്ന് ജലവിതരണം നടത്തുന്പോൾ ചാലക്കുടിവരെയുള്ള സ്ഥലങ്ങളിൽ പലഭാഗത്തും പുഴയുടെ ഇരുകരകളിലും താമസക്കാരുണ്ട്. ഇക്കഴിഞ്ഞ 15നാണ് പറന്പിക്കുളത്ത് അതിവർഷംമൂലം ഷട്ടർതുറന്ന് പുഴയിലേക്ക് വെള്ളംവിട്ടത്.
ഇതേസമയത്തു തന്നെ തൂണക്കടവ് അണക്കെട്ടിൽനിന്നും പുഴയിലേക്ക് വെള്ളം വിട്ടിരുന്നു. ഇതുമൂലമാണ് കുരിയാർകുറ്റി കോളനി പൂർണമായി വെള്ളത്തിൽ മുങ്ങിയത്. കോളനിനിവാസിയായ ഉണ്ണികൃഷ്ണൻ രാത്രി രണ്ടിന് ഉണർന്ന് അവസരോചിതമായി എഴുപതോളംപേരെ ഉയർന്ന കുന്നിനുമുകളിൽ കയറ്റിയതാണ് വൻദുരന്തം വഴിമാറ്റിയത്.
വെള്ളം കയറിയതിനെ തുടർന്നു 21 വീടുകളിലും വെള്ളം കയറി ഗൃഹോപകരണങ്ങൾ ഒലിച്ചുപോയി. കൂടാതെ രണ്ടു വീടുകളുടെ ചുമരിടിഞ്ഞും നാശമുണ്ടായി. കുരിയാർകുറ്റി കോളനി തൂണക്കടവ് സഞ്ചാരമാർഗത്തിൽനിന്നും അഞ്ചുമീറ്ററിൽ കൂടുതൽ ഉയർച്ചയുണ്ട്. ഇതിനുമുന്പ് ഇവിടെ ഒരിക്കലും വെളളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് മുതിർന്ന താമസക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ഓഗസ്റ്റ് 15ന് അർധരാത്രിയുണ്ടായ ജലപ്രളയദുരന്തം കുരിയാർകുറ്റി കോളനിവാസികളെ ഇപ്പോഴും ഭയപ്പെടുത്തുന്ന ഓർമയാണ്. നിലവിൽ പറന്പിക്കുളം അണക്കെട്ടിലെ ചോർച്ച വീണ്ടും കൂടി വെള്ളം പെട്ടെന്ന് വിടേണ്ടി വന്നാൽ പുഴയോര താമസക്കാരുടെ അപകടം ഭീമമാകുമെന്നാണ് ജനങ്ങൾ കരുതുന്നത്.
പടിഞ്ഞാറൻ ജില്ലകളിൽ പ്രളയജലത്തിൽ ഗൃഹോപകരണങ്ങൾ ഒഴുകിപ്പോയവർക്ക് വിവിധഭാഗങ്ങളിൽനിന്നും വ്യത്യസ്ത സഹായങ്ങൾ എത്തിയെങ്കിലും കുരിയാർകുറ്റി നിവാസികൾക്ക് ഇതും കിട്ടാക്കനിയായി.നെല്ലിയാന്പതിയിൽ ഉരുൾപൊട്ടിയിലുള്ളവർക്ക് ഭക്ഷ്യസാധനങ്ങൾ, വസ്ത്രം ഉൾപ്പെടെയുള്ളവ കളക്ടറുടെ നേതൃത്വത്തിൽ വിതരണം ചെയ്യപ്പെട്ടത് ഒരുപരിധിവരെ സഹായമായിരുന്നു.
എന്നാൽ പറന്പിക്കുളം നിവാസികൾക്ക് ഈ സഹായങ്ങളും ലഭിച്ചിട്ടില്ലെന്നത് ഇവരെ വിഷമത്തിലാക്കുന്നു.
കുരിയാർകുറ്റി കോളനിയിലെ കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ ഒന്പതുകിലോമീറ്റർ ദൂരെ പറന്പിക്കുളത്ത് എത്തണം. പറന്പിക്കുളം, തൂതക്കടവ് പുഴകൾ ഒന്നിക്കുന്ന ഇരുന്പുപാലത്തിലൂടെ കാൽനടയായി വേണം ഇവർക്കു സഞ്ചരിക്കാൻ.കഴിഞ്ഞമാസത്തെ പ്രളയജലത്തിൽ പാലം കവിഞ്ഞൊഴുകിയത് കോളനിവാസികളുടെ ഉറക്കം കെടുത്തിയിരുന്നു.