മുതലമട: സംസ്ഥാന ടൂറിസം വകുപ്പിനു വരുമാനം നേടിത്തരുന്ന പറന്പിക്കുളം കടുവാസങ്കേതത്തിലേക്ക് യാത്രാസൗകര്യം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. മുൻകാലങ്ങളിൽ വനഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് വന്യമൃഗങ്ങളുടെ ദർശനം വിരളമായിരുന്നു.എന്നാൽ ഓഗസ്റ്റിലുണ്ടായ ശക്തമായ മഴയ്ക്കുശേഷം ആന, കാട്ടുപോത്ത്, മാൻകൂട്ടം തുടങ്ങിയവ റോഡരികിൽ പ്രത്യക്ഷപ്പെടുന്നത് വിനോദസഞ്ചാരികൾക്ക് ദൃശ്യവിരുന്നാകുകയാണ്.
മുന്പ് ദൂരെനിന്നു മാത്രമേ മൃഗങ്ങളെ കാണാനാകുമായിരുന്നുള്ളൂ.നിലവിൽ പൊള്ളാച്ചിയിൽനിന്നു രണ്ടു തമിഴ്നാട് ബസുകളും പാലക്കാടുനിന്ന് കഐസ്ആർടിസിയുമാണ് സർവീസ് നടത്തുന്നത്. ഇതു കൂടാതെ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ജില്ലകളിൽനിന്നും നിരവധി സ്വകാര്യവാഹനങ്ങളും പതിവായി എത്താറുണ്ട്.
സേത്തുമടയിൽനിന്നും കേരള അതിർത്തിയായ ആനപ്പാടിവരെ തമിഴ്നാട് റോഡു തകർന്നുകിടക്കുകയാണ്. തമിഴ്നാട്ടിൽ പഞ്ചായത്ത് റോഡുകൾപോലും ഉന്നതനിലവാരത്തിലാണ് നിർമിക്കുന്നതെങ്കിലും പറന്പിക്കുളത്തേക്കുള്ള റോഡ് പുനർനിർമാണം നടത്താത്തത് വിനോദസഞ്ചാരികളുടെ വരവു കുറയ്ക്കുകയാണ്.
കാറുകളിലും ജീപ്പുകളിലും എത്തുന്ന സഞ്ചാരികൾ വാഹനങ്ങൾക്ക് യന്ത്രത്തകരാർ നേരിട്ടു മടങ്ങിപ്പോകുന്ന സാഹചര്യവും പതിവാണ്. പറന്പിക്കുളം, കന്നിമാരിതേക്ക്, പെരുവാരിപ്പള്ളം, തേക്കടി, അല്ലിമൂപ്പൻ കോളനി, കുരിയാർകുറ്റി എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ ഇക്കഴിഞ്ഞ മഴയോടെ തകർന്നുകിടക്കുകയാണ്.
തകർന്ന റോഡുകൾ പുനർനിർമാണത്തിന് ഇതുവരെയും അധികൃതരിൽനിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല. വനാന്തരങ്ങളിൽ തന്പടിച്ചിരുന്ന മൃഗങ്ങൾ സഞ്ചാരവഴികളിലെത്തുന്നതിന്റെ കാരണവും അവ്യക്തമാണ്. അന്യസംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ജില്ലകളിൽനിന്നുമായി വിനോദയാത്രയ്ക്ക് പാലക്കാട്ടേയ്ക്ക് എത്തുന്നവർ പറന്പിക്കുളം സന്ദർശിക്കാൻ ആഗ്രഹിക്കാറുണ്ടെങ്കിലും റോഡിന്റെ ശോച്യാവസ്ഥമൂലം അവിടേയ്ക്ക് എത്തിച്ചേരാനാകാതെ മടങ്ങിപ്പോകുകയാണ്.
നിലവിൽ ആനപ്പാടിയിൽ വിനോദസഞ്ചാരികളെ ചുറ്റിക്കാണിക്കുന്നതിനു ഒന്പതുവാഹനങ്ങൾ സർവീസ് നടത്താറുണ്ടെങ്കിലും റോഡിന്റെ തകർച്ചമൂലം വിനോദസഞ്ചാരികൾ എത്താത്തതിനാൽ ടൂറിസംവകുപ്പിനു വരുമാനത്തിൽ കുറവു നേരിടുകയാണ്.
ലോകത്തിലെ ഏറ്റവും വലിപ്പവും പ്രായവും കൂടിയ വൃക്ഷം കന്നിമാരിതേക്കാണ്. കേന്ദ്ര വനംവകുപ്പിന്റെ മഹാവൃക്ഷം പുരസ്കാരവും 1994-95-ൽ കന്നിമാരിതേക്കിനു ലഭിച്ചിട്ടുണ്ട്. ഏകദേശം 465 വർഷമാണ് ഈ വൃക്ഷത്തിന്റെ പ്രായം കണക്കാക്കിയിരിക്കുന്നത്.
പറന്പിക്കുളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ പൂർവകാല പ്രൗഢി വീണ്ടെടുക്കാനും ജനോപകാരപ്രദമാക്കാനും ബന്ധപ്പെട്ട വകുപ്പ് അധികൃതർപ്രത്യേക പാക്കേജിൽ നവീകരണം നടത്തണമെന്ന ജനകീയ ആവശ്യം ശക്തമാണ്.