ചിറ്റൂർ: നിയോജകമണ്ഡലത്തിലെ 1498 കുളങ്ങളിലും മഴവെള്ളം നിറയ്ക്കാൻ കെ.കൃഷ്ണൻകുട്ടി എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ജലസേചനവകുപ്പ്, കൃഷിഭവൻ, പഞ്ചായത്ത് വകുപ്പു തലവന്മാരും കർഷകരും നാട്ടുകാരും പങ്കെടുത്തു.കനാൽ, ചാൽ ബണ്ടുകൾ തകർന്നും കാടുവളർന്നും നില്ക്കുന്നതിനാൽ കുളത്തിലേക്ക് വെള്ളമെത്താൻ കഴിയാത്ത സ്ഥലങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കും.
ഇതിനുള്ള തുകയ്ക്കായി കൃഷിഭവൻ, പഞ്ചായത്ത്, എംഎൽഎ ഫണ്ട് എന്നിവ ഉപയോഗിക്കും. പെരുമാട്ടി പഞ്ചായത്തിൽ പൊതുകുളങ്ങൾ ഉൾപ്പെടെ 325 കുളങ്ങളാണുള്ളത്. നല്ലേപ്പിള്ളി- 183, പെരുവെന്പ്- 282, പൊൽപ്പുള്ളി- 240, കൊഴിഞ്ഞാന്പാറ- 32, വടകരപ്പതി- 133, ചിറ്റൂർ-തത്തമംഗലം നഗരസഭ- ഒന്പത് എന്നിങ്ങനെയാണ് കുളങ്ങളുള്ളത്.കൃഷിഭവനുകളിൽനിന്നും പാടശേഖരസമിതികൾക്ക് നല്കുന്ന ഇരുപതിനായിരം രൂപയും ഇതിനായി വിനിയോഗിക്കാം.
ചില പാടശേഖരസമിതികൾ കൃഷിഭവൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഈ തുക സ്വകാര്യ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നതായും യോഗത്തിൽ പരാതി ഉയർന്നു. ഇതിനെതിരേ നടപടിയെടുക്കണമെന്നും എംഎൽഎ നിർദേശം നല്കി.പറന്പിക്കുളത്തുനിന്നും കേരള-തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ജലവിതരണം ജോയിന്റ് വാട്ടർ കണ്ട്രോൾ അഥോറിറ്റിയിലൂടെ മാത്രമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.
ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഇൻ-ചാർജ് രാജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ െ.കെ.ബബിത- കൊഴിഞ്ഞാന്പാറ, ജി.മാരിമുത്തു-പെരുമാട്ടി, ജയന്തി- പൊൽപ്പുള്ളി, പ്ൊൻരാജ്- എരുത്തേന്പതി, ജില്ലാ പഞ്ചായത്തംഗം വി.മുരുകദാസ്, അനിൽകുമാർ, വി.ബാബു, ചന്ദ്രൻ പങ്കെടുത്തു.