സുന്ദരിയായിരുന്നു ജെസീക്ക ലാൽ. അറിയപ്പെടുന്ന മോഡൽ. എന്നാൽ, ഒരു സുപ്രഭാതത്തിൽ ആ വാർത്ത കേട്ട് രാജ്യം നടുങ്ങി. ജസീക്ക ലാൽ വെടിയേറ്റു മരിച്ചിരിക്കുന്നു.
കൊലപാതകം എന്നതിനേക്കാൾ അതൊരു രാഷ്ട്രീയ വിവാദമായും വളർന്നു. കാരണം, പ്രതിസ്ഥാനത്ത് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വിനോദ് ശർമയുടെ മകൻ മനു ശർമയായിരുന്നു. എന്നാൽ, ജസീക്കയെ കൊലപ്പെടുത്തിയതിനു കേട്ട കാരണമായിരുന്നു അതിലും വിചിത്രം. മനുശർമയ്ക്കും കൂട്ടാളികൾക്കും മദ്യം വിളന്പിയില്ലത്രേ! 1999 ഏപ്രിൽ 30നാണ് ജെസീക്ക ലാൽ കൊല്ലപ്പെടുന്നത്.
റസ്റ്ററന്റിലെ രാത്രി
1999 ഏപ്രിൽ 29. ഡൽഹിയിലെ വൺസ് അപോൺ എ ടൈം എന്ന റസ്റ്ററന്റിലേക്ക് അന്നു ജോലിക്കെത്തുന്പോൾ ജെസീക്ക ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, ഇതു തന്റെ ജീവിതത്തിലെ അവസാന ദിനമായിരിക്കുമെന്ന്.റസ്റ്ററന്റിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മനുശർമയും സുഹൃത്തുക്കളും. അവിടെ മദ്യം വിളന്പുന്ന ജോലിയായിരുന്നു ജെസീക്കയ്ക്ക്.
വിരുന്നു പരിപാടി കഴിഞ്ഞു മനുശർമ മദ്യം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിരുന്നു കഴിഞ്ഞതിനാൽ മദ്യം നൽകാനാവില്ലായെന്നു ജെസീക്ക മറുപടി നൽകി. ഇതിനെത്തുടർന്നു ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
മദ്യലഹരിയിലായിരുന്ന മനു ശർമ പിന്നെയൊന്നും ആലോചിച്ചില്ല, തോക്ക് എടുത്തു. ആദ്യത്തെ വെടി മേൽക്കൂരയിലേക്ക്. എന്നിട്ടും കലി തീരാതെ മുന്നിൽനിന്ന ജസീക്കയുടെ നേരേ ചൂണ്ടി. കണ്ടുനിന്നവർക്കോ സുഹൃത്തുക്കൾക്കോ വിലക്കാനോ തടയാനോ കഴിയുന്നതിനു മുന്‍പ് അയാൾ വീണ്ടും കാഞ്ചി വലിച്ചു.
ജസീക്കയുടെ കണ്ണുകൾക്കു സമീപം ചോര ഒലിച്ചിറങ്ങുന്നത് കാഴ്ചക്കാർ കണ്ടു. അവൾ പിന്നിലേക്കു മറിഞ്ഞു. ജസീക്ക വീഴുന്നതു കണ്ടതും മനു ശർമയും സുഹൃത്തുക്കളും സ്ഥലംവിട്ടു. ജസീക്കയെ ഹോട്ടൽ അധികൃതർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏപ്രിൽ 30ന് പുലർച്ചെ അവൾ മരിച്ചു.
കോളിളക്കം
എന്നാൽ, മനു ശർമ വിചാരിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല രക്ഷപ്പെടൽ. സംഭവം കോളിളക്കമായതോടെ പോലീസ് ഊർജിതമായി രംഗത്തിറങ്ങി. മേയ് രണ്ടിനു പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു വ്യക്തിയുടെ കാര്‍ പിടിച്ചെടുത്തു.
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മനുവിന്റെ കൂട്ടാളികളായ അമര്‍ദീപ് സിംഗിനെയും അലോക ഖന്നയെയും അറസ്റ്റ് ചെയ്തു. അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മനുവിനു പിടികൂടാൻ പോലീസ് ശ്രമം തുടങ്ങി. താൻ കുടുങ്ങിയെന്നു ബോധ്യപ്പെട്ടതുകൊണ്ടാവാം ജൂണ്‍ ആറിനു മനുശർമ കീഴടങ്ങി. വികാസ് യാദവ് ഉള്‍പ്പെടെ മറ്റ് പത്തു പേരെയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു.
കേസ് കോടതിയിൽ
1999 ഓഗസ്റ്റ് മൂന്നിനാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്. നവംബര്‍ 23 ന് പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തി. 2001 മേയില്‍ പ്രതികള്‍ക്കെതിരേ വിചാരണ നടപടി തുടങ്ങി. 101 സാക്ഷികളെയാണ് പ്രോസിക്യൂഷന് വിസ്തരിച്ചത്.
വിചാരണയ്ക്കിടെ മനു ശര്‍മ ജാമ്യത്തിനുവേണ്ടി പലവട്ടം ശ്രമിച്ചു. എന്നാല്‍, സുപ്രീം കോടതി ഉള്‍പ്പെടെ ജാമ്യം നിഷേധിച്ചു. എന്നാൽ, കേസിൽ ഉറ്റുനോക്കിയിരുന്നവർ ശരിക്കം ഞെട്ടിയത് 2006 ഫെബ്രുവരി 21നാണ്. കാരണം, തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടു.
പ്രതിഷേധ തീ
വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതു വലിയ കോളിളക്കമായി. പലേടത്തും പ്രതിഷേധങ്ങളുയർന്നു. കേസ് മേൽക്കോടതികളിലേക്കു നീണ്ടു. 2006 ഡിസംബര്‍ 18ന് ഡൽഹി ഹൈക്കോടതി മുഖ്യപ്രതിയായ മനു ശര്‍മയ്ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചു.
മറ്റു പ്രതികൾക്കു കുറഞ്ഞ ശിക്ഷ മാത്രമാണു ലഭിച്ചത്. ഇതോടെ മനു ശർമ സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതിയിലും പിന്നീടു സുപ്രീം കോടതിയിലും മനുവിനു വേണ്ടി പ്രസിദ്ധ അഭിഭാഷകൻ രാം ജെഠ്മലാനിത്തന്നെ പ്രതിഭാഗം ഇറക്കി. എന്നാൽ, 2010 ഏപ്രിലില്‍ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.
മാധ്യമശ്രദ്ധ
ഈ കേസ് കൂടുതൽ മാധ്യമശ്രദ്ധ നേടിയതും വിചാരണക്കോടതി പ്രതികളെ വെറുതെവിട്ട നടപടി പ്രതിഷേധങ്ങൾക്കു വഴിവച്ചതുമെല്ലാം പ്രതികളെ കൂടുതൽ സമ്മർദത്തിലാക്കി.
ഈ കേസിൽനിന്ന് ഊരാനുള്ള ശ്രമങ്ങൾ പലതും അവർ നടത്തിയെങ്കിലും കേസിൽ കൂടുതൽ ജനശ്രദ്ധ വന്നതു കേസിൽ നീതി നടപ്പാവാൻ കാരണമായി. സ്വാധീനമുള്ള വ്യക്തികള്‍ പ്രതികളായാല്‍ ശിക്ഷ ലഭിക്കില്ലെന്ന പൊതുധാരണയെ തകിടം മറിക്കാൻ ജെസീക്ക ലാല്‍ കേസിനു കഴിഞ്ഞു.
ജെസീക്കാ ലാല്‍ വധക്കേസിലെ പ്രതി മനു ശര്‍മയെ 2020 ജൂണിൽ ജയില്‍ മോചിതനായി. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജയിൽവാസക്കാലത്തെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടിയാണു ശിക്ഷ പൂര്‍ണമായി അനുഭവിക്കുന്നതിനു മുന്‍പ് മനു ശര്‍മയെ മോചിപ്പിച്ചത്.