കോട്ടയം: കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ ഈ വർഷവും തുടങ്ങിയില്ല.
കഴിഞ്ഞവർഷം പാരാമെഡിക്കൽ കോഴ്സുകൾക്കായി എൽബിഎസ് സെന്റർ പുറത്തിറക്കിയ പ്രോസ്പെക്ടസിൽ ഉൾപ്പെട്ടിരുന്ന കോഴ്സുകളിലേക്ക് വിദ്യാർഥികൾ ഫീസ് അടച്ച് അപേക്ഷ നൽകിയെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതിനാലാണ് കോഴ്സ് ആരംഭിക്കാത്തത്.
കേരളത്തിൽ സർക്കാർ മേഖലയിലെ പാരമെഡിക്കൽ കോഴ്സുകൾ ഡിപ്ലോമ മാത്രമാണ്. എന്നാൽ മറ്റുസംസ്ഥാനങ്ങളിലെല്ലാം പാരാമെഡിക്കൽ വിഭാഗത്തിൽ ഡിഗ്രി കോഴ്സുകളാണ് നിലവിലുള്ളത്.
ഏറ്റവും അധികം തൊഴിൽ സാധ്യതയുള്ള മെഡിക്കൽ ഇമാജിംഗ് ടെക്നോളജി, റേഡിയോ തെറാപ്പി ടെക്നോളജി, ന്യൂറോ ടെക്നോളജി തുടങ്ങിയവയിൽ കേരളത്തിൽ നിലവിൽ ഡിഗ്രി കോഴ്സുകളില്ല.
പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ നടത്തുന്ന സർക്കാർ മെഡിക്കൽ കോളജുകളിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് ഇൻഫ്രാസ്ട്രച്ചറില്ലെന്നാണ് കോഴ്സ് ആരംഭിക്കാത്തതിനു കാരണമായി അധികൃതർ പറയുന്നത്.
കഴിഞ്ഞ വർഷം കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ വിവിധ ഡിഗ്രി കോഴ്സുകൾ പ്രഖ്യാപിച്ചു. പ്രോസ്പെക്ടസിലും ഉൾപ്പെടുത്തിയെങ്കിലും കോഴ്സ് പ്രഖ്യാപനത്തിലൊതുങ്ങി.
ഈ വർഷവും കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. സർക്കാർ അനുമതി ലഭിച്ച് ഈ വർഷമെങ്കിലും കറുഞ്ഞ ചെലവിൽ ഈ മേഖലയിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ ബിരുദപഠനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.