കോഴിക്കോട്: പാരാമെഡിക്കല്‍ കോഴ്സിന്റെ മറവില്‍ നടക്കുന്ന ചതിക്കുഴികള്‍ വിദ്യാര്‍ഥികള്‍ക്ക് പാരയാകുന്നു. തൃശൂരിലെ സംഭവങ്ങള്‍ക്ക് പിന്നാലെ ഇന്നലെ കോഴിക്കോട്ടും തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതിഷേധവും അറസ്റ്റും നടന്നു. അംഗീകാരമില്ലാത്ത കോഴ്സില്‍ ചേര്‍ത്ത് വിദ്യാര്‍ഥികളില്‍നിന്ന് ഫീസിനത്തില്‍ 65 ലക്ഷത്തോളം തട്ടിയ പരാതിയില്‍ കോഴിക്കോട് കല്ലായിയിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എംഡി എറണാകുളം സൗത്ത് വാഴക്കുളം തട്ടാം പറമ്പില്‍ ശ്യം ജിത്ത്(37) ആണ് അറസ്റ്റിലായത്.
സംഭവത്തില്‍ ഇയാള്‍ക്കെതിരേ വഞ്ചനാകുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയാണ് തട്ടിപ്പ് അരങ്ങേറുന്നതെന്നാണ് പോലീസ് പറയുന്നത്. കേരളത്തിന് പുറത്ത് പലയിടത്തും ജോലി വാഗ്ദാനം നല്‍കിയാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത് ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോളജി ടെക്നീഷ്യൻ എന്നിങ്ങനെയുള്ള കോഴ്സുകളാണ് കോഴിക്കോട്ടെ സ്ഥാപനത്തില്‍ നടത്തിയിരുന്നത്. ആരോഗ്യ സർവകലാശാലയുടെ അംഗീകാരം ഉണ്ടെന്നു കാണിച്ച് 1.20 ലക്ഷം രൂപ ഫീസ് വാങ്ങിയാണ് കോഴ്സ് നടത്തിയിരുന്നത്.
മൂന്നുവർഷത്തെ കോഴ്സിൽ 64 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇന്റേണ്‍ഷിപ്പിനായി വിദ്യാർഥികൾ ആശുപത്രികളിൽ ചെന്നപ്പോഴാണ് കോഴ്സുകൾക്ക് അംഗീകാരം ഇല്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഫീസും എസ്എസ്എൽസി, പ്ലസ് ടു തുടങ്ങിയ സർട്ടിഫിക്കറ്റുകളും വിദ്യാർഥികൾ തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ മാനേജർ തയാറായില്ല. ഇതേത്തുടർന്ന് പരാതി നൽകുകയായിരുന്നു. എറണാകുളത്ത് പോലീസ് നടത്തിയ പരിശോധനയിൽ ഏതാനും വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. തട്ടിപ്പിനെതിരേ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ മിനര്‍വ അക്കാദമിക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. അഞ്ഞൂറിലധികം വിദ്യാര്‍ഥികളാണ് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കായി 50,000 മുതല്‍ ആറ് ലക്ഷം രൂപ വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.
സ്വന്തം ലേഖകന്‍