ഗാന്ധിനഗർ: പാരാ മെഡിക്കൽ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നല്കുന്നത് സംബന്ധിച്ച തർക്കം വീണ്ടും ഉയർന്നു. സ്വാശ്രയ കോളജുകളിൽ പഠിക്കുന്ന പാരാമെഡിക്കൽ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നല്കരുതെന്ന നിലപാടുമായി മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികൾ രംഗത്തെത്തി.
സ്വാശ്രയ വിദ്യാർഥികൾ ഡിഗ്രി കോഴ്സ് കഴിഞ്ഞവരാണ്. അതേ സമയം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് ഡിപ്ലോമയാണുള്ളത്. അതിനാൽ മെഡിക്കൽ കോളജിൽ ഡിഗ്രി അനുവദിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ പുറത്തു നിന്നുള്ളവർക്ക് ഇവിടെ പരിശീലനം നൽകുവാൻ പാടില്ല എന്നാണ് മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ കോളജിലെ പാരാമെഡിക്കൽ വിദ്യാർഥികൾ ആവശ്യപ്പെട്ടു.
2004ൽ മെഡിക്കൽ കോളജിലെ പാരാമെഡിക്കൽ വിദ്യാർഥികൾക്ക് ഡിഗ്രി കോഴ്സ്അനുവദിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ സ്വാശ്രയ മാനേജ്മെന്റുകളുടെ നിർബന്ധത്തിനു വഴങ്ങിയാണ് നടപ്പാക്കാത്തതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ഇപ്പോൾ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ വിഭാഗങ്ങളിൽ ഡിഗ്രിയുള്ളവർക്ക് മാത്രമേ ജോലി ലഭിക്കുന്നുള്ളൂ. ഡിപ്ലോമക്കാർക്ക് അവസരം ലഭിക്കുന്നില്ല.
അതുകൊണ്ട് മെഡിക്കൽ കോളജിൽ ഡിഗ്രി കോഴ്സ് അനുവദിക്കുന്നതിന്നുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ആവശ്യം ഉന്നയിച്ച് മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികൾ പ്രകടനം നടത്തി.
എന്നാൽ കഴിഞ്ഞദിവസം കളക്ടറിന്റെ ചേംബറിൽ കൂടിയ ആശുപത്രി വികസന സമിതി യോഗത്തിൽ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് ദോഷകരമല്ലാത്ത വിധത്തിൽ സ്വാശ്രയ വിദ്യാർഥികൾക്കുകൂടി പരിശീലനം നൽകുവാൻ കഴിയുമോ എന്ന് അന്വേഷിക്കുവാൻ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ നിശ്ചയിച്ചു.