ഋഷി
തൃശൂർ: നല്ല നടപ്പുകാരനായിരുന്നു പാറമേക്കാവ് രാജേന്ദ്രൻ. എന്നുവെച്ചാൽ 76 വയസിനിടയ്ക്ക് രാജേന്ദ്രൻ ലോറിയിൽ ഒരിടത്തേക്കും പോയിട്ടില്ല. നടപ്പു തന്നെ നടപ്പ്. ഇത്രകാലം രാജേന്ദ്രൻ ജീവിച്ചതിന്റെ രഹസ്യവും ആ നടത്തം തന്നെ. ലോറിയിൽ കയറിയിട്ടില്ല എന്നേയുള്ളു, എന്നാൽ രാജേന്ദ്രൻ ട്രെയിനിൽ കയറിയിട്ടുണ്ട്. തൃശൂരിൽ നിന്നും അങ്ങ് ഇന്ത്യൻ തലസ്ഥാനം വരെയായിരുന്നു രാജേന്ദ്രന്റെ ട്രെയിൻ യാത്ര. 1982 ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ പങ്കെടുക്കാൻ രാജേന്ദ്രൻ ട്രെയിനിൽ കയറി പോയിരുന്നു.
ഏഷ്യാഡിൽ പങ്കെടുത്ത ആനകളിൽ ജീവിച്ചിരുന്ന ചുരുക്കം ചില ആനകളിൽ ഒന്നായിരുന്നു രാജേന്ദ്രൻ.കേരളത്തിന്റെ ആനത്തറവാട്ടിലെ ആന മുത്തച്ഛനാണിപ്പോൾ വിടവാങ്ങിയിരിക്കുന്നത്. രാജേന്ദ്രൻ കാണാത്ത പൂരപ്പറന്പുകളില്ലെന്ന് പറയാറുണ്ട്. തൃശൂർ പൂരത്തിൽ ഏറ്റവും കൂടുതൽ തവണ പങ്കെടുത്ത കൊന്പനായിരുന്നു പാറമേക്കാവ് രാജേന്ദ്രൻ.
12-ാം വയസിലാണ് രാജേന്ദ്രൻ പാറമേക്കാവിലേക്ക് എത്തപ്പെടുന്നത്.
1955ൽ അന്നത്തെ ക്ഷേത്രം മേൽശാന്തി വേണാട് പരമേശ്വരൻ നന്പൂതിരിയാണ് ഭക്തരിൽ നിന്ന് പിരിച്ചെടുത്ത 4800 രൂപ കൊണ്ട് പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലെ പുലാചേരി മനയിൽ നിന്നും ആനയെ വാങ്ങിയത്. 1950 കാലഘട്ടങ്ങളിൽ പ്രമുഖ ഇല്ലങ്ങളിലും നായർ തറവാടുകളിലും മാത്രമാണ് സ്വകാര്യ ആനകൾ സ്വന്തമായി ഉണ്ടായിരുന്നത്. അക്കാലത്താണ് പാറമേക്കാവ് ഭഗവതിക്ക് രാജേന്ദ്രനെ നടയിരുത്തുന്നത്.
ഗജരാജൻ ഗുരുവായൂർ കേശവനുമായി രാജേന്ദ്രന് വളരെയധികം മുഖച്ഛായയും സാദൃശ്യവും ഉണ്ടായിരുന്നു. നിലന്പൂർ കാടുകളിൽ ജനിച്ചതുകൊണ്ടാകാം ഈ സാദൃശ്യമെന്ന് ആനപ്രേമികൾ പറയാറുണ്ട്.തൃശൂർ പൂരത്തിന് പാറമേക്കാവിന്റെ ഗജനിരയിലേക്ക് രാജേന്ദ്രൻ എത്തിയത് 1963ലാണ്. പിന്നീട് അന്പതു വർഷത്തിലേറെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പങ്കെടുത്ത ഒരേ ഒരു ആനയായിരിക്കാം രാജേന്ദ്രൻ.
1988 ൽ രാത്രിയിൽ പൂരത്തിന് ഭഗവതിയുടെ തിന്പേറ്റിയിട്ടുമുണ്ട്. വെടികെട്ട് ഭയമില്ലാതിരുന്ന രാജേന്ദ്രൻ ദീർഘകാലം പൂരം വെടികെട്ടിന് മണികണ്ഠനാൽ പന്തലിൽ പാറമേക്കാവിലമ്മയെ ശിരസിലേറ്റി നിന്നിട്ടുണ്ട്. ആറു വർഷം മുന്പ് ആറാട്ടുപുഴ പൂരം കഴിഞ്ഞ് അമ്മതിരുവടിയുടെ ഗ്രാമബലി കഴിഞ്ഞ് വിശ്രമിക്കാൻ കിടന്ന ആന പിറ്റേന്ന് കാലത്ത് മതിൽ കെട്ടിനുള്ളിൽ തളർന്നു കിടന്നു.
ദേവസ്വം ഭാരവാഹികളും, ആനചികിത്സകരും, ബോർഡും യോഗം ചേർന്ന് ഉൗരകം ക്ഷേത്രത്തിന്റെ പ്രശസ്തമായ ആനപള്ളമതിൽ പൊളിക്കുന്നതിനായി ആലോചിക്കുന്ന സമയത്ത് ഭഗവതിയുടെ ഉച്ചപൂജയുടെ നിവേദ്യത്തിനായി ശംഖ് വിളിച്ചപ്പോൾ എല്ലാവരേയും അത്ഭുതപ്പെടുത്തി ആന ചാടി എണീക്കുകയായിരുന്നു. അതിനു ശേഷം തൃശൂർ നഗരപരിധിക്ക് പുറത്തേക്ക് ആനയെ പാറമേക്കാവ് ദേവസ്വം അധികൃതർ എഴുന്നള്ളിപ്പുകൾക്ക് അയച്ചിരുന്നില്ല.
2003ൽ കാഞ്ചികാമകോടി ശ്രീ ജയേന്ദ്രസരസ്വതി സ്വാമികൾ തൃശൂർ പൂരം ദിവസം ഗജരത്നം പദവി നൽകി ആനയെ ആദരിച്ചിരുന്നു. 2008 ൽ ഉൗരകം അമ്മതിരുവടി ഭക്തർ ആനക്ക് ഗജശ്രേഷ്ഠ പുരസ്കാരം നൽകിയിരുന്നു. പൂർണ്ണത്രയീശന്റെ ഉത്സവം മുതൽ ഉത്രാളിക്കാവ്, കുട്ടനെല്ലൂർ , പെരുവനം,നെൻമാറവല്ലങ്ങി തുടങ്ങി കൂടൽമാണിക്യം ഉത്സവം വരെ മധ്യകേരളത്തിലെ ഭൂരിഭാഗം ഉത്സവങ്ങളിലും തന്റേതായ സ്ഥാനം നിലനിർത്തിയിരുന്നു.
മദപ്പാടിലൊഴികെ ചട്ടക്കാരോട് അഭേദ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു രാജേന്ദ്രൻ. ഗോവിന്ദൻ നായർ, ശങ്കരൻ നായർ, കൃഷ്ണൻകുട്ടി നായർ ,കൊച്ചനിയൻ, രാധാകൃഷ്ണൻ, കുട്ടൻ, മണി തുടങ്ങിയ പ്രഗത്ഭരായ ആനക്കാരുടെ ശിക്ഷണത്തിൽ വളർന്ന് കഴിഞ്ഞ 12 വർഷമായി നിലന്പൂർ സ്വദേശി വേലായുധൻ നായരാണ് പാപ്പാൻ.
ആന ചികിത്സകരിൽ പ്രധാനിയായിരുന്ന ഡോ.പ്രഭാകരനെ കേച്ചേരിയിൽ വച്ച് മയക്കുവെടിയേറ്റപ്പോൾ പിൻതിരിഞ്ഞ് ആക്രമിച്ചു കൊലപ്പെടുത്തിയതാണ് രാജേന്ദ്രന്റെ ജീവിതത്തിലെ ഏറ്റവും ഗുരുതരമായ വീഴ്ച. ലോറിയിൽ കയറാൻ കൂട്ടാക്കാത്ത പാറമേക്കാവ് രാജേന്ദ്രൻ ഇന്നാദ്യമായി ലോറിയിൽ കയറി. കോടനാട്ടേക്കുള്ള അവസാനയാത്ര ലോറിയിലായിരുന്നു….