സ്വന്തം ലേഖകൻ
തൃശൂർ: ആനകേരളത്തിന്റെ ഗജമുത്തച്ഛൻ എന്ന വിശേഷണമുള്ള കേരളത്തിലെ ഏറ്റവും പ്രായം കൂടിയ ആനയായ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു. 76 വയസായിരുന്നു. ഇന്നുപുലർച്ചെ പാറമേക്കാവ് ക്ഷേത്രത്തിന് പിന്നിലെ പറന്പിൽ വച്ചാണ് രാജേന്ദ്രൻ ചരിഞ്ഞത്. രാവിലെ പത്തുമണിയോടെ ജഡം കോടനാട്ടേക്ക് സംസ്കരിക്കാനായി കൊണ്ടുപോയി. പ്രായാധിക്യം മൂലം അവശനായി വിശ്രമത്തിലായിരുന്നു രാജേന്ദ്രൻ.
രാജേന്ദ്രൻ ചരിഞ്ഞതറിഞ്ഞ് പുലർച്ചെ മുതൽ നിരവധി പേരാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്. രാവിലെ ക്ഷേത്രദർശനത്തിനെത്തിയവർ ക്ഷേത്രം അടച്ചിട്ടത് കണ്ടപ്പോഴാണ് രാജേന്ദ്രൻ ചരിഞ്ഞതറിഞ്ഞത്.ഏറ്റവും കൂടുതൽ തവണ തൃശൂർ പൂരത്തിൽ പങ്കെടുത്ത ആനയെന്ന സവിശേഷതയും രാജേന്ദ്രനുണ്ട്.