കുന്നംകുളം: അപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ച സംഭവത്തിൽ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയാകും പോസ്റ്റ്മോർട്ടം ചെയ്യുക. പോസ്റ്റുമോർട്ടം നടത്താതെ സംസ്കരിച്ചതിൽ സംശയം പ്രകടിപ്പിച്ച് പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നത്.
കഴിഞ്ഞയാഴ്ചയാണ് കുന്നംകുളത്തിനടുത്ത് അടുപ്പുട്ടിയിൽ തൈക്കാട്ടിൽ പരമേശ്വരനെ (60) കാറിടിച്ചത്. അടുപ്പുട്ടി സ്വദേശിനിയായ സ്ത്രീയാണ് കാർ ഓടിച്ചിരുന്നത്. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ഇയാളെ ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇയാളെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഇയാൾക്കൊപ്പം ആശുപത്രിയിൽ സഹായത്തിന് നിൽക്കാൻ ആരും ഇല്ലാത്തതിനാൽ ഇവർ പരമേശ്വരനെ അടുപ്പുട്ടിയിലുള്ള വീട്ടിലേക്കു തന്നെ തിരിച്ചു കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ ഇയാൾ വീട്ടിൽ വച്ചു മരിക്കുകയായിരുന്നു. തുടർന്ന് അധികം ആളുകളെ അറിയിക്കാതെ ഒരുമണിക്കൂറിനകം മൃതദേഹം അടുപ്പുട്ടിയിലെ എസ്എൻഡിപിയുടെ ശ്മശാനത്തിൽ സംസ്കരിച്ചു.
കാറപകടത്തെ തുടർന്നുണ്ടായ പരിക്കിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും എന്നാൽ പോസ്റ്റുമോർട്ടമോ മറ്റു നടപടികളോ പൂർത്തിയാക്കാതെയാണ് മൃതദേഹം സംസ്കരിച്ചതെന്നും അപ്പോൾ തന്നെ പ്രദേശവാസികൾ സംശയിച്ചിരുന്നു. കൂടാതെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചത് അധികൃതരുടെ അനുമതിയോടെയല്ല എന്നും പറയുന്നു.
മൃതദേഹം സംസ്കരിക്കുന്നതിന് മുന്പ് കൗണ്സിലറുടെ സാക്ഷ്യപ്പെടുത്തിയ കത്തും ബന്ധപ്പെട്ടവർ വാങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാറപകടത്തെത്തുടർന്ന് മരിച്ചയാളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ചതിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ചേർന്ന് കുന്നംകളം പോലീസിൽ പരാതി നൽകിയത്.