ആനക്കര : ഭഗവത സപ്താഹയജ്ഞാചാര്യൻ കലിയത്തു മന പരമേശ്വരൻ നന്പൂതിരിയ്ക്ക് ഒടുവിൽ ഗുരുവായുരപ്പന്റെ കടാക്ഷം. ഗുരുവായുരപ്പനെ മതിവരുവോളം കാണാമെന്ന ആഗ്രഹം മാത്രമല്ല ഭഗവാനെ പൂജിക്കാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചിരിക്കുകയാണ്.
ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുക എന്നത് ഒട്ടും യാദൃശ്ചികമായിരുന്നില്ല.18 വർഷത്തെ നീണ്ട കാത്തിരിപ്പിന്റെ സ്വാഭാവിക പരിണാമം മാത്രമായിരുന്നു അത്.വേദഭൂമിയായ തൃത്താലയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ വടക്കേ വാവനൂരിലാണ് കലിയത്തുമന സ്ഥിതി ചെയ്യുന്നത്.
ശുകപുരം നന്പൂതിരിഗ്രാമത്തിന്റെ ഭാഗമായ ഇവിടെ കലിയാത്തു ബ്രഹ്മദത്തൻ നന്പൂതിരിയുടെയും,പാർവതി അന്തർജ്ജനത്തിന്റെയും മകനായി 1965 ൽ ജനനം.നാഗലശ്ശേരി സ്കൂളിലും,വട്ടേനാട് ഹൈസ്കൂളിലും,പട്ടാന്പി നീലകണ്ഠ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.
പേരൂർ ദാമോദരൻ നന്പൂതിരി, തീയ്യന്നൂർ കൃഷ്ണൻ നന്പൂതിരി എന്നിവരിൽ നിന്നും ഗുരുകുല സന്പ്രദായത്തിൽ പൂജാദി കർമങ്ങൾ അഭ്യസിച്ചു.പെരുന്പള്ളി കേശവൻ നന്പൂതിരിയിൽ നിന്നുമാണ് ഭാഗവതം അഭ്യസിക്കുന്നത്.
കാൽ നൂറ്റാണ്ടു കാലമായി സപ്താഹ രംഗത്ത് നിറസാന്നിധ്യമാണ് ഇദ്ദേഹം.
കേരളത്തിനകത്തും പുറത്തുമായി ആയിരത്തിൽപ്പരം വേദികളിൽ സപ്താഹം നടത്തി കഴിഞ്ഞു. അടുത്ത വർഷത്തിലും ഇനിയും ഏറെ നടത്താനുമുണ്ട്. ഒക്ടോബർ ഒന്നിനാണ് സ്ഥാനമേൽക്കുന്നത്. അതിനുമുന്പായി 12 ദിവസത്തെ ഭജനവുമുണ്ട്.അടുത്ത മാർച്ച് 31 വരെയാണ് കാലാവധി.