മാവോയിസ്റ്റുകളെ തച്ചുതകര്ക്കാന് വന്‍ പടയൊരുക്കം. ഛത്തീസ്ഗഡില്‍ തെക്കന്‍ ബസ്തറിലെ സുക്മയില്‍ ഘോരവനത്തിലാണ് മാവോയിസ്റ്റു വേട്ടയ്ക്കായി വന്‍ യുദ്ധസന്നാഹമൊരുങ്ങുന്നത്. പ്രത്യേക പരിശീലനം ലഭിച്ച അയ്യായിരത്തിലേറെ ജവാന്മാരാണ് ഉറച്ച പോരാട്ടത്തിനിറങ്ങുന്നത്. മാവോയിസ്റ്റ് അക്രമങ്ങളുടെ സിരാകേന്ദ്രങ്ങളായ സുക്മ, ബുര്‍കപാല്‍ എന്നിവ കേന്ദ്രീകരിച്ച് നീങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി. അത്യാധുനിക ആയുധങ്ങളും സൈന്യത്തിന് മുതല്‍ക്കൂട്ടാവും.
കാടിനുള്ളില്‍ പതുങ്ങിയിരിക്കുന്ന മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ആളില്ലാ വിമാനങ്ങള്‍(അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍)ആണ് ഉപയോഗിക്കുന്നത്. മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നവരെ കണ്ടെത്താന്‍ ഇസ്രായേല്‍ നിര്‍മിത ആളില്ലാ വിമാനങ്ങളായ റഡാര്‍ ഡ്രോണ്‍ ആണ് ഉപയോഗിക്കുന്നത്. ആദ്യമായാണ് ഇന്ത്യ ഇത് ഒരു സൈനിക നീക്കത്തിനായി ഉപയോഗിക്കുന്നത്.
ബുര്‍കപാലില്‍ കഴിഞ്ഞ തിങ്കളാഴ്ച 25 സിആര്‍പിഎഫ് ജവാന്മാരെയാണ് മാവോയിസ്റ്റുകള്‍ വധിച്ചത്. കഴിഞ്ഞ വര്‍ഷം മല്‍കന്‍ഗിരി ജില്ലയില്‍ 24 മാവോയിസ്റ്റുകളെ കൊന്നതിനുള്ള പ്രതികാരമാണിതെന്ന് മാവോയിസ്റ്റുകള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സുക്മ ജില്ലയിലെ ദണ്ഡകാരണ്യം എന്ന ഘോരവനമാണ് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രം. രാമായണത്തിലെ വനവാസഭാഗത്തു പരാമര്‍ശിക്കുന്ന സ്ഥലമാണിത്. കുന്നുകളും വെള്ളച്ചാട്ടങ്ങളുമായി പ്രകൃതിരമണീയമാണ് ദണ്ഡകാരണ്യം. സുക്മയിലൂടെ ഒഴുകുന്ന നദിയാണു ശബരി.
കാലാവസ്ഥയാണ് മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ സൈന്യത്തിന് ഭീഷണിയാവുന്നത്. കൊടും ചൂടില്‍ മുന്നോട്ടു നീങ്ങുന്നത് അതീവ ദുഷ്ക്കരം. കഴിഞ്ഞ ദിവസം അഞ്ച് ജവാന്മാരുമായി പോയ ഹെലികോപ്റ്റര്‍ ചിന്താഗുഫ മേഖലയില്‍ ഇറങ്ങാനൊരുങ്ങുമ്പോള്‍ തീപിടിച്ചുവെങ്കിലും ജവാന്മാര് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഛത്തീസ്ഗഡില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ട അര്‍ധസൈനികരുടെയും പോലീസിന്റെയും എണ്ണം 250 കവിയും. 2010 ഏപ്രില്‍ ആറിനു ദന്തേവാദയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 76 സിആര്‍പിഎഫ് കൊല്ലപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണവും ഇതുതന്നെയാണ്.