റിസ്വാനുർ റഹ്മാൻ കോൽക്കത്തയിലെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ചെറുപ്പക്കാരനാണ്. ഗ്രാഫിക് ഡിസൈനർ. ഭാവിയെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി അയാൾ ജീവിച്ചു.
അങ്ങനെ ജീവിതം സ്വസ്ഥമായി മുന്നോട്ടോപോകുന്പോഴാണ് റിസ്വാന്റെ ജീവിതത്തിൽ ഒരു നിർണായകമായ ചില സംഭവങ്ങൾ അരങ്ങേറുന്നത്. പ്രിയങ്ക തോഡിയെന്ന 23കാരിയെ പരിചയപ്പെട്ടതാണ് റിസ്വാന്റെ ജീവിതത്തെ മാറ്റിമറിച്ചത്. റിസ്വാനും പ്രിയങ്കയും പരിചയപ്പെട്ടു. വൈകാതെ പരിചയം അടുപ്പമായി വളർന്നു. അതുപിന്നെ കടുത്ത പ്രണയമായി.
പണക്കാരി, പാവപ്പെട്ടവൻ!
പണ്ടുകാല ശരാശരി ബോളിവുഡ് പടത്തിന്റെ തിരക്കഥയ്ക്കു സമാനമായിരുന്നു കാര്യങ്ങൾ. പ്രിയങ്ക ആൾ ചില്ലറക്കാരിയല്ല. അറിയപ്പെടുന്ന വ്യവസായി അശോക് തോടിയുടെ മകൾ. പണത്തിനു മുകളിൽ കിടന്നുറങ്ങുന്നവൾ എന്നു ഒറ്റ വാചകത്തിൽ പറയാം.
റിസ്വാനാവട്ടെ, സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ചവൻ. പ്രിയങ്കയുമായി തട്ടിച്ചുനോക്കുന്പോൾ റിസ്വാന്റെ ജീവിതസൗകര്യങ്ങൾ തീരെ താഴെ. പ്രണയത്തിനു കണ്ണും മൂക്കുമില്ലെന്നു പറയുന്നത് ഇവരുടെ കാര്യത്തിലും ശരിയായിരുന്നു.
പ്രണയം കലശലായതോടെ റിസ്വാനും പ്രിയങ്കയും വിവാഹിതരാകാൻ തീരുമാനിച്ചു. പുറത്തറിഞ്ഞാൽ ഭൂകന്പം ഉണ്ടാകുമെന്ന് ഉറപ്പായതിനാൽ രഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ. അങ്ങനെ വിവാഹവും കഴിവതും രഹസ്യമായി നടത്തി.
അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു സാക്ഷികൾ. ആദ്യമൊക്കെ എല്ലാം രഹസ്യമായി തന്നെ ഇരുന്നു. വൈകാതെ ചുറ്റിക്കറക്കവും അടുപ്പവുമൊക്കെ ഇരുവരുടെ വീടുകളിൽ അറിഞ്ഞു.
വീട്ടിൽ ഭൂകന്പം
പ്രതീക്ഷിച്ചതുപോലെ റിസ്വാന്റെ വീട്ടുകാർക്ക് എതിർപ്പ് തോന്നേണ്ട കാരണമൊന്നും ഇല്ലായിരുന്നു. എന്നാൽ, പ്രിയങ്കയുടെ വീട്ടിൽ അതായിരുന്നില്ല സ്ഥിതി. ഇങ്ങനെയൊരു ബന്ധത്തെ അംഗീകരിക്കാൻ അവർ തയാറായില്ല. പ്രിയങ്കയുടെ പിതാവ് അശോക് ആകെ അസ്വസ്ഥനായി. അയാളുടെ ഉറക്കം തന്നെ നഷ്ടമായി.
എങ്ങനെയും റിസ്വാനിൽനിന്നു മകളെ അകറ്റണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതിനായി പല തന്ത്രങ്ങളും അയാൾ പ്രയോഗിച്ചു. മകളെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയെന്നും കാട്ടി അയാൾ പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ പ്രിയങ്ക റിസ്വാന്റെ ഒപ്പമുണ്ടെന്നും ഇരുവരും രഹസ്യ വിവാഹം കഴിച്ചതായും പോലീസിനു വ്യക്തമായി. എന്നാൽ, വൈകാതെ തോഡിയുടെ പണത്തിനുമുന്നിൽ പോലീസ് മുട്ടുമടക്കിയെന്നു പറയാം. പ്രിയങ്കയെ അവിടെനിന്നു മാറ്റാൻ അവരും സമ്മർദം തുടങ്ങി.
പ്രിയങ്കയെ സ്വന്തം വീട്ടിൽ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയയ്ക്കാൻ റിസ്വാനെ കോൽക്കത്ത പോലീസ് നിർബന്ധിച്ചു. എന്നാൽ, പ്രിയങ്ക പിടിവാശിയിലായിരുന്നു.
താനിനി സ്വന്തം വീട്ടിലേക്കില്ലെയെന്നും റിസ്വാനോടൊപ്പം കഴിയുകയാണെന്നും പ്രിയങ്ക പോലീസിനോടു പറഞ്ഞു. ഈ നിലപാടോടെ പോലീസും വെട്ടിലായി. അവർ അല്പം പിന്നോട്ടുവലിഞ്ഞു. ഇതോടെ പ്രശ്നങ്ങൾ തീർന്നെന്നു പ്രിയങ്കയും റിസ്വാനും കരുതി.
പോലീസ് തന്ത്രം
അവളെ ആ വീട്ടിൽനിന്ന് ഇറക്കാൻ എന്തെങ്കിലും തന്ത്രം പ്രയോഗിക്കണമെന്നു പോലീസിനും മനസിലായി. ഒടുവിൽ പോലീസും അശോക് തോഡിയും ചേർന്ന് അതിനൊരു തിരക്കഥ മെനഞ്ഞു.
കുറെ ദിവസങ്ങൾക്കുശേഷം പ്രിയങ്കയുടെ പിതാവിനു രോഗം കലശലാണെന്നും പിതാവിനോടൊപ്പം ഏതാനും ദിവസം കഴിയണമെന്നും പോലീസ് പ്രിയങ്കയോടു സൗഹൃദത്തിൽ അഭ്യർഥിച്ചു. റിസ്വാനോ പ്രിയങ്കയ്ക്കോ ഒരു സംശയവും തോന്നാത്ത വിധമായിരുന്നു ഈ നാടകം അരങ്ങേറിയത്.
സംഭവം സത്യമാണെന്നു റിസ്വാനും പ്രിയങ്കയും വിശ്വസിച്ചു. അങ്ങനെ സുഖമില്ലാത്ത അച്ഛനെ കാണാൻ ഒരാഴ്ചത്തേക്കു അവളെ റിസ്വാൻ വീട്ടിലേക്കു പറഞ്ഞുവിട്ടു. എന്നാൽ, വീട്ടിൽ അവളെ കാത്തിരുന്നത് ഒരു തടങ്കൽ ആയിരുന്നു.
വീട്ടിലെത്തിയ അവളെ തിരിച്ചുപോകാൻ അവർ പിന്നീട് അനുവദിച്ചില്ല. എന്നു മാത്രമല്ല, എല്ലാ ആശയവിനിമയങ്ങളും തടഞ്ഞ് അവർ അവളെ വീട്ടുതടങ്കലിലാക്കി. ഭാര്യയുമായി ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെടാനുള്ള റിസ്വാന്റെ ശ്രമമെല്ലാം പരാജയപ്പെട്ടു.
ഭാര്യയെ ഇനി ഒരുവിധത്തിലും തിരികെ ലഭിക്കില്ലെന്നു റിസ്വാനു തോന്നി. അത് അവനെ തകർത്തുകളഞ്ഞു. ഭാര്യയെ വീണ്ടെടുക്കാനുള്ള ശ്രമം എങ്കിലും അവൻ ഉപേക്ഷിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം റിസ്വാന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കാണപ്പെട്ടു.
റിസ്വാൻ മരിച്ചതെങ്ങനെ?
2007 സെപ്റ്റംബർ 21നാണ് റിസ്വാന്റെ മൃതദേഹം കണ്ടെടുത്തത്. റിസ്വാൻ ജീവനൊടുക്കിയതാണെന്നായിരുന്നു പോലീസ് ഭാഷ്യം. പക്ഷേ ഇതൊരു കൊലപാതകമാണെന്നായിരുന്നു മിക്കവരും വിശ്വസിച്ചിരുന്നത്.
പ്രിയങ്കയുടെ പിതാവ് അശോക് തോഡി തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ റിസ്വാനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയതാണെന്ന് ആരോപണം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട പല അന്വേഷണങ്ങളും നടന്നു. സിബിഐ വരെ അന്വേഷിച്ചു.
മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ റിസ്വാൻ ജീവനൊടുക്കിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ വന്നത്.
എങ്കിലും റിസ്വാനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതിനു അശോക് തോഡി, അദ്ദേഹത്തിന്റെ സഹോദരൻ പ്രദീപ് തോഡി, എൻജിഒ പ്രവർത്തകനായ പപ്പു എന്ന സയ്യീദ് മൊഹിയുദീൻ എന്നിവർക്കെതിരേ സിബിഐ കുറ്റപ്പത്രം സമർപ്പിച്ചു.
തെളിവു നശിപ്പിക്കൽ അടക്കം ഈ കേസിൽ നടന്നതായി സിബിഐ കണ്ടെത്തി. ഇതിന്റെ പേരിൽ ഏതാനും പോലീസുദ്യോഗസ്ഥർക്കെതിരേയും സിബിഐ കോടതിയിൽ നൽകിയ കുറ്റപ്പത്രത്തിൽ പരാമർശമുണ്ടായി.
വർഷങ്ങൾ മുന്നോട്ടുപോയെങ്കിലും ഇപ്പോഴും കോളിളക്കമുണ്ടാക്കിയ ഈ സംഭവത്തിന്റെ ദുരൂഹത ചുരുളഴിഞ്ഞിട്ടില്ല. റിസ്വാൻ ജീവനൊടുക്കിയതല്ലെന്നു വിശ്വസിക്കുന്ന നിരവധി പേർ ഇപ്പോഴുമുണ്ട്.