തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ ഇവരിൽ പലരുടെയും ഭാവം മാറും. വിവാഹമോചനക്കേസുകളിൽ നല്ലൊരു പങ്കിലും അമ്മായിയമ്മമാര് വില്ലത്തികളാകുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. കോട്ടയത്തെ പ്രമുഖ ഫാമിലി കൗണ്സലറുടെ അടുത്തെത്തിയ കേസ് ഇങ്ങനെ…
പ്രമുഖമായ ഐടി കമ്പനിയില് സോഫ്ട്വെയര് എന്ജിനിയര് ആണ് അരുണ് (യഥാര്ഥ പേരല്ല). സര്ക്കാര് ഉദ്യോഗസ്ഥരുടെ ഏക മകന്. മാതാപിതാക്കള്ക്ക് ആവശ്യത്തിലധികം സ്വത്തുണ്ട്. ഏഴുവര്ഷം മുമ്പായിരുന്നു വിവാഹം. ഭാര്യ പ്രമുഖ കോളജിലെ ലക്ചററായ ഗീതു (യഥാര്ഥ പേരല്ല). സര്ക്കാര് ഉദ്യോഗസ്ഥന്റെ രണ്ടു പെണ്മക്കളില് മൂത്തയാള്.
വിവാഹസമയത്ത് മകള്ക്കായി ആ മാതാപിതാക്കള് 50 പവന് സ്വര്ണവും അഞ്ചു ലക്ഷം രൂപയും നല്കി. വിവാഹം കഴിഞ്ഞ് മാസങ്ങള് തികയും മുമ്പേ അവര്ക്കിടയില് പ്രശ്നങ്ങള് തുടങ്ങി.
അരുണിന് തന്നോടല്ല പണത്തോടും സ്വര്ണത്തോടുമാണ് സ്നേഹമെന്ന കാര്യം ഗീതു മനസിലാക്കി. എന്നാല് പ്രായമായ മാതാപിതാക്കളെ സങ്കടപ്പെടുത്തേണ്ടല്ലോയെന്നു കരുതി അതു പുറത്താരോടും പറഞ്ഞില്ല.
അരുണിന്റെ അമ്മയായിരുന്നു പ്രധാന പ്രശ്നക്കാരി. മകന് ഇതിനേക്കാള് സുന്ദരിയായ, കൂടുതല് സ്ത്രീധനം കിട്ടുന്ന പല വിവാഹാലോചനകളും വന്നിരുന്നുവെന്ന് പലപ്പോഴും അവര് ഗീതുവിനോട് പറഞ്ഞു. ഇക്കാര്യം ഭര്ത്താവിനോട് അവള് പറഞ്ഞപ്പോള്, അമ്മയോട് ഏറെഭക്തിയുള്ള അയാൾ അതു ശരിവയ്ക്കുകയായിരുന്നു.
പിന്നീട് അവള് ചെയ്യുന്നതെന്തിലും കുറ്റം കണ്ടെത്തി മകനെക്കൊണ്ട് വഴക്കു പറയിപ്പിക്കുന്നത് അമ്മായിയമ്മ പതിവാക്കി. വീട്ടിൽനിന്നു പണം വാങ്ങി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യാന് നിര്ബന്ധിച്ചു. പിറന്നാളിനോ വിവാഹവാര്ഷികത്തിനോ സ്വര്ണം വാങ്ങിത്തരാന് മാതാപിതാക്കളോട് ആവശ്യപ്പെടാന് പറയും.
അവരുടെ വാക്കുകള് കേട്ട് ഗീതു വീട്ടില് ചെന്നു സ്വര്ണവും പണവുമൊക്കെ ചോദിച്ചു. മകള്ക്ക് ബുദ്ധിമുട്ട് വേണ്ടല്ലോയെന്നു കരുതി പെന്ഷന് പറ്റിയ അച്ഛനും അതൊക്കെ സാധിച്ചു കൊടുത്തു.
അങ്ങനെയിരിക്കെ അമ്മായിയമ്മ മറ്റൊരു ആഗ്രഹം പറഞ്ഞു. ഗീതുവിന്റെ അമ്മയ്ക്ക് മുത്തച്ഛന് നല്കിയ 50 സെന്റ് സ്ഥലമുണ്ട്. ആ സ്ഥലത്തിന്റെ പകുതി നിനക്കുള്ളതല്ലേ, അതു വിറ്റ് കൊണ്ടുവരൂ.
അപ്പോള് ഇവിടെ നിന്റെ പേരില് സ്ഥലം തരാം. അമ്മായിയമ്മയുടെ ആവശ്യം ഭര്ത്താവും പിന്താങ്ങി. അവള് എതിര്ത്തപ്പോള് ആ വീട്ടിലുള്ളവര് സംസാരിക്കാതെയായി.
ഭക്ഷണവും നല്കിയില്ല. ഗീതു രണ്ടുമാസത്തോളം അവിടെ പിടിച്ചുനിന്നു. അമ്മയുടെയും മകന്റെയും ക്രൂരതകള് കൂടിയപ്പോള് അഞ്ചു വയസുകാരി മകളുമായി വീട്ടിലേക്കു പോന്നു. ഇപ്പോള് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
മകനെ രക്ഷിക്കാന് മരുമകള്ക്ക് അവിഹിതബന്ധം!
ആലപ്പുഴക്കാരിയായ മുപ്പതുകാരിയുടെ ആത്മഹത്യയ്ക്കു പിന്നില് അവിഹിതബന്ധമാണെന്നു പറഞ്ഞു പരത്തിയത് അമ്മായിയമ്മയായിരുന്നു. ജീവനൊടുക്കിയ യുവതിയെ ആശയെന്നു വിളിക്കാം.
ഒരുപാട് ആശകളുമായാണ് അവള് ടൈല്സ് കമ്പനിയിലെ സെയില്സ്മാനായിരുന്ന തോമസിന്റെ (യഥാര്ഥ പേരല്ല) ജീവിതത്തിലേക്ക് അഞ്ചു വര്ഷം മുമ്പ് ചേക്കേറിയത്. പത്തു പവന് സ്വര്ണവും മാതാപിതാക്കളുടെ കാലശേഷം മൂന്നു സെന്റ് സ്ഥലവും എന്ന കരാറിലാണ് അവള് വിവാഹ കമ്പോളത്തിലേക്ക് എത്തിയത്. വിവാഹം നടന്നു. ആദ്യമൊന്നും പ്രശ്നമില്ലായിരുന്നു.
ഇരുനിറക്കാരിയായിരുന്നു ആശ. വെളുത്ത പെണ്കുട്ടികളോട് അമ്മായിയമ്മയ്ക്ക് പ്രത്യേക മമതയായിരുന്നു. ആശയുടെ മുന്നില്വച്ച് മകനോട് വെളുത്ത സുന്ദരികളുടെ കഥകള് പറയുന്നത് അമ്മായിയമ്മയുടെ പതിവായിരുന്നു.
മകനെ വിവാഹമാലോചിച്ച പല പെണ്കുട്ടികള്ക്കും സര്ക്കാര് ജോലി കിട്ടിയതും അടുത്ത വീടുകളിലെ മരുമക്കള് പിഎസ്സി കോച്ചിംഗിനു പോയി ജോലി നേടിയതുമൊക്കെ അവര് സംസാരത്തില് പതിവാക്കി.
മരുമകളുടെ ഷെയര് വിറ്റുകൊണ്ടുവന്ന് ബിസിനസ് തുടങ്ങിയവരും വീടുവച്ചവരുമൊക്കെ നാട്ടിലുണ്ടെന്ന് ഇടയ്ക്കിടെ ആശയോടു പറയും. അമ്മായിയമ്മ അതൊക്കെ പറയുന്പോൾ ഭര്ത്താവും അവർക്കൊപ്പം കൂടും.
ആശയുടെ ഷെയറായ മൂന്നു സെന്റ്് സ്ഥലം വിറ്റുകൊണ്ടുവരാന് അവര് നിര്ബന്ധിച്ചു. ആ സ്ഥലം വിറ്റാല് മാതാപിതാക്കള് തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന് അറിയാമായിരുന്ന ആശയ്ക്ക് അതിനാകുമായിരുന്നില്ല.
വഴക്കും മര്ദനവും മാനസിക പീഡനവും പതിവായപ്പോള് രണ്ടു വര്ഷം മുമ്പ് ആശ കിണറ്റില് ചാടി മരിച്ചു. അവള്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നുവെന്നും അതാണ് ആത്മഹത്യക്കു കാരണമെന്നും അമ്മായിയമ്മയും ഭര്ത്താവും ചേർന്നു പറഞ്ഞു പരത്തി.
പക്ഷേ യാഥാർഥ്യമറിയാവുന്ന നാട്ടുകാർ ആക്ഷന് കൗണ് സില് രൂപീകരിച്ച് രംഗത്തിറങ്ങി. പോലീസ് അന്വേഷണത്തിൽ ഭർതൃവീട്ടുകാരുടെ കള്ളക്കഥകൾ പൊളിഞ്ഞു. അതോടെ അമ്മയ്ക്കും മകനും അര്ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന് വനിതാകമ്മീഷനു കഴിഞ്ഞു.
(തുടരും)
സീമ മോഹൻലാൽ