ആ കഴുകക്കൂട്ടങ്ങൾക്കിടയിൽനിന്നു ജീവനോടെ രക്ഷപ്പെടാനാവില്ലെന്ന് അവർ തിരിച്ചറിഞ്ഞു. നിരന്തരമായ പീഡനങ്ങളിലും നിരാശയിലും തകർന്ന ചിലർ ജീവിതംതന്നെ അവസാനിപ്പിച്ചു. ശരിക്കും ആ ക്യാന്പിൽനിറയെ മരണത്തിന്റെ മണമാണ് നിറഞ്ഞു നിൽക്കുന്നതെന്നു ലീയ്ക്കും കൂട്ടുകാരികൾക്കും തോന്നി.
ഒാരോരുത്തർക്കും പറയാൻ ഒരു ദുരന്ത കഥയുണ്ടായിരുന്നു. പക്ഷേ, കണ്ണീരിന് അവിടെ തീരെ വിലയില്ലായിരുന്നു. മാത്രമല്ല, അവർക്ക് ഒഴുക്കാൻ ഇനി കണ്ണീർ ബാക്കിയില്ലായിരുന്നു. ഇങ്ങനെ കാബിനുകൾ അവർക്കു പേടി സ്വപ്നമായി മാറിയിരുന്നു. കാരണം, പട്ടാളക്കാരിൽ പലരും പല തരക്കാരായിരുന്നു.
അടിമകളോടെന്ന പോലെയായിരുന്നു പെൺകുട്ടികളോടു പലരുടെയും പെരുമാറ്റം. എന്തെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചാൽ എങ്ങനെയായിരിക്കും അവർ പ്രതികരിക്കുകയെന്ന് ഊഹിക്കാൻകൂടി കഴിയില്ല.
അവരുടെ ഇംഗിതങ്ങൾക്കു വഴങ്ങുന്നതിനു പുറമേ മർദനംകൂടി താങ്ങാനുള്ള ശേഷി പലർക്കും ഇല്ലായിരുന്നു. അതിനാൽത്തന്നെ മിക്കവരും എല്ലാം സഹിച്ചു. അവരുടെ സങ്കടങ്ങളും വേദനകളും സ്വപ്നങ്ങളുമെല്ലാം ആ കാബിൻവിട്ടു പുറത്തേക്കുപോയില്ല.
വീടിനു മുന്നിൽ
കംഫർട്ട് സ്റ്റേഷനിലെ ജീവിതം വിവരിക്കാൻ കഴിയുന്നതിനേക്കാൾ അധികമായിരുന്നെന്നു ലീ പറയുന്നു. അച്ഛനമ്മമാർ ഒരുക്കുന്ന തണലിനു കീഴിൽ, സഹോദരങ്ങളുടെ സ്നേഹവും ലാളനയും ഏറ്റുവാങ്ങേണ്ട പ്രായത്തിലാണ് പീഡനങ്ങൾ സഹിക്കാനാവാതെ ചിലർ മരണം സ്വയം ഏറ്റുവാങ്ങിയത്.
കംഫർട്ട് സ്റ്റേഷനിലെ അനുഭവങ്ങളെക്കുറിച്ചു ഹാംയോംങ് സ്വദേശി ചോംഗ് സംഗ് പറഞ്ഞതിങ്ങനെ:
“അന്നെനിക്ക് പതിമ്മൂന്നു വയസായിരുന്നു. അച്ഛനും അമ്മയും പാടത്തു പണിക്കു പോയ നേരത്താണ് സംഭവം. ഒരു ജപ്പാൻ പട്ടാളക്കാരൻ വീടിനു പുറത്തുവന്നതു കണ്ടാണ് ഞാൻ അവിടേക്കു പോയത്. ഞാൻ ഇറങ്ങിച്ചെന്നതും അയാളെന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു ട്രക്കിൽ അടച്ചു.
പോലീസ് സ്റ്റേഷനിലും!
അയാൾ എന്നെ നേരെ കൊണ്ടുപോയത് അവിടുത്തെ പോലീസ് സ്റ്റേഷനിലേക്കാണ്. പോലീസുകാർ എന്നെ രക്ഷിക്കുമല്ലോ എന്നു ഞാൻ വെറുതേ പ്രതീക്ഷിച്ചു. എന്നാൽ, എന്നെ ആദ്യം നശിപ്പിച്ചത് അവരായിരുന്നു. ഒന്നോ രണ്ടോ പേരല്ല. അന്ന് അവിടെയുണ്ടായിരുന്ന എല്ലാവരും എന്നെ ഉപദ്രവിച്ചു.
ഞാൻ അലറിക്കരഞ്ഞു. പെട്ടെന്ന് പോലീസുകാരിൽ ഒരാൾ അയാളുടെ കാലിൽ കിടന്ന സോക്സ് ഊരി എന്റെ വായിൽ തിരുകി. എന്നിട്ടും ഞാൻ നിർത്താതെ കരഞ്ഞു. ആ പോലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ അയാളുടെ വലതുകൈ ചുരുട്ടി എന്റെ ഇടതു കണ്ണിൽ ശക്തമായി ഇടിച്ചു.
സഹിക്കാനാവാത്ത വേദന. മുഖത്തെ അസ്ഥികൾ ഒടിഞ്ഞതായി തോന്നി. എന്റെ ആ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഞാൻ തിരിച്ചറിഞ്ഞു. പത്തു ദിവസം എന്നെ അവർ പോലീസ് സ്റ്റേഷനിലെ സെല്ലിൽ അടച്ചിട്ടു. ശേഷം ഒരു ദിവസം അവരെന്നെ ജപ്പാൻ സേനയുടെ താവളത്തിൽ എത്തിച്ചു.
അവിടെ എനിക്കു പുറമേ നാനൂറോളം കൊറിയൻ പെൺകുട്ടികളുണ്ടായിരുന്നു. കംഫർട്ട് വുമൺ സംഘത്തിലേക്കു ഞാനും തള്ളപ്പെട്ടു.
ഇങ്ങനെയും പീഡനങ്ങൾ
അയ്യായിരത്തോളം ജപ്പാൻ സൈനികർക്കു സന്തോഷമേവുകയായിരുന്നു ഞങ്ങളുടെ ജോലി. ചെറുക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവർ എന്നെ ക്രൂരമായി മർദിച്ചു, വായിൽ ചാക്ക് കുത്തിക്കയറ്റി. ഒരാൾ ഞാൻ അയാൾക്കു വഴങ്ങുന്നതു വരെ എന്റെ സ്വകാര്യ ഭാഗങ്ങളിൽ തീപ്പെട്ടി ഉപയോഗിച്ചു പൊള്ളിച്ചു.
ഇവരുടെ പ്രവൃത്തികളെ ചോദ്യംചെയ്ത ഒരു പെൺകുട്ടിയെ വാൾ ഉപയോഗിച്ചു ക്രൂരമായി മർദിച്ചു. ഞങ്ങൾ നോക്കിനിൽക്കെ അവർ അവളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി.
ആ കാഴ്ച കണ്ടുനിൽക്കാനാകാതെ കണ്ണടച്ചവരെയും അവർ ഭീഷണിപ്പെടുത്തി, ” ഇതു നിങ്ങൾക്കു കൂടിയുള്ള താക്കീതാണ്. കണ്ണുചിമ്മാതെ കാണണം’. കൈയും കാലും കെട്ടി അവർ അവളെ ആണികൾ തറച്ച ഒരു പലകയിൽ കിടത്തി.
എന്നിട്ടവളെ മുന്നിലേക്കും പിന്നിലേക്കും ഉരുട്ടി. ആണികളിൽ ചോര പടരുവോളം അവർ ഇതു തുടർന്നു. അവളുടെ മാംസം ആണിയിൽ അങ്ങിങ്ങായി തറഞ്ഞിരുന്നു. ഇഞ്ചിഞ്ചായി കൊന്ന് അവളെ ജീവച്ഛവമാക്കിയ ശേഷം അവർ അവളുടെ ശിരസ് അറുത്തു.
അതിരില്ലാത്ത ക്രൂരത
ആ നടുക്കുന്ന കാഴ്ച കണ്ട് അവിടെനിന്നു അലറിക്കരഞ്ഞ കൊറിയൻ പെൺകുട്ടികളെ നോക്കി പട്ടാളത്തലവൻ ആജ്ഞാപിച്ചു ” മനുഷ്യന്റെ ഇറച്ചി കഴിച്ചിട്ടില്ലാത്തതിനാലാണ് ഇവർ ഇങ്ങനെനിന്നു കരയുന്നത്. ഇവളെ വെട്ടി നുറുക്കി വേവിച്ച് അവർക്കു ഭക്ഷിക്കാൻ നൽകൂ.’
അതിരുകളില്ലാത്തതായിരുന്നു ഈ പട്ടാളക്കാരുടെ ക്രൂരതയെന്നു ചോംഗ് പറയുന്നു. ആവശ്യം കഴിഞ്ഞു എന്നു തോന്നുന്നവരെ കൊന്നുകളയാൻ അവർക്കു യാതൊരു മടിയുമില്ലായിരുന്നു. പുതിയ പെൺകുട്ടികൾ എത്തുന്പോൾ പഴയ ആൾക്കാരെ പലരെയും ഇങ്ങനെ കൊന്നുതള്ളി. ” ഒരിക്കൽ അവർ ഞങ്ങൾ നാൽപ്പതുപേരെ പട്ടാളക്കാരുടെ ട്രക്കിൽ കയറ്റി ഒരു കുളത്തിനു സമീപം കൊണ്ടുപോയി.
ഞങ്ങളെ പാർപ്പിച്ചിരുന്ന ഇടത്തുനിന്നു തെല്ലകലെയാണ് ഈ കുളം. വിഷപ്പാന്പുകളെ നിറച്ച കുളത്തിലേക്ക് അവർ നിരവധി പെൺകുട്ടികളെ തള്ളിയിട്ടു.
ചിലരെ പ്രദേശത്തു ജീവനോടെ കുഴിച്ചു മൂടി. കമാൻഡർ യമാമോറ്റയുടെ ഭാഷയിൽ പറഞ്ഞാൽ പട്ടികളെ കൊല്ലുന്നതിനേക്കാൾ എളുപ്പമാണ് പെൺകുട്ടികളെ കൊല്ലാൻ. അവിടേക്കു കൊണ്ടു പോയതിൽ ഇരുപതോളം പേരെ അവർ വച്ചുതന്നെ കൊന്നു കുഴിച്ചുമൂടി.
(തുടരും).