ക്രൈസ്റ്റ് ചർച്ച്: ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സര ക്രിക്കറ്റ് ടെസ്റ്റ് പരന്പര ന്യൂസിലൻഡ് 1-0നു സ്വന്തമാക്കി. രണ്ടാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെയാണിത്. ഏഴാം വിക്കറ്റിൽ കോളിൻ ഡിഗ്രാൻഡ്ഹോമും (45 റണ്‍സ്), ഇഷ് സോധിയും (56 നോട്ടൗട്ട്) നടത്തിയ ചെറുത്തുനിൽപ്പാണ് കിവീസിനെ തോൽവിയിൽനിന്ന് കരകയറ്റി പരന്പര സമനിലയിലാക്കാൻ സഹായിച്ചത്.
സ്കോർ: ഇംഗ്ലണ്ട് 307, ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 352. ന്യൂസിലൻഡ് 278, എട്ട് വിക്കറ്റ് നഷ്ടത്തിൽ 256.
1999നുശേഷം ഇംഗ്ലണ്ടിനെതിരേ ന്യൂസിലൻഡ് ടെസ്റ്റ് പരന്പര സ്വന്തമാക്കുന്നത് ആദ്യമായാണ്. സ്വന്തം നാട്ടിൽ ന്യൂസിലൻഡ് അവസാനമായി ഇംഗ്ലണ്ടിനെതിരേ പരന്പര നേടുന്നത് 1983-84നുശേഷവും. രണ്ട് ഇന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് മാൻ ഓഫ് ദ മാച്ച്. ന്യൂസിലൻഡിന്റെ ടെന്റ് ബോൾട്ട് ആണ് പരന്പരയുടെ താരം.
വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലൻഡ് അഞ്ചാം ദിനമായ ഇന്നലെ ക്രീസിലെത്തിയത്. എന്നാൽ, സ്റ്റൂവർട്ട് ബ്രോഡും മാർക്ക് വുഡും ജാക് ലീച്ചും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ കിവീസ് അപകടം മണത്തു. പക്ഷേ, പ്രതിരോധക്കോട്ട തീർത്ത നീൽ വാഗ്നറും (103 പന്തിൽ ഏഴ് റൺസ്) സോധിയും ഗ്രാൻഡ്ഹോമും ഇംഗ്ലണ്ടിന്റെ ജയത്തിനു തടയിട്ടു.