കുട്ടികളെ കാണാതായതോടെ നാടൊട്ടുക്കും അന്വേഷണം തുടങ്ങി. ക്യാപ്റ്റന്റെ മക്കളെയാണ് കാണാതായതെന്നതിനാൽ പോലീസും ഉണർന്നു. അങ്ങനെയിരിക്കെ കന്നുകാലികളെ മേയ്ക്കാൻ പോയ ധനിറാം എന്ന ഇടയൻ ഡൽഹിയിൽനിന്ന് കുറെയകലെ ഒരു ഗ്രാമത്തിൽ കണ്ടു രണ്ടു കുട്ടികൾ മരിച്ചുകിടക്കുന്നതു കണ്ടെത്തി.
ധനിറാം ഈ വിവരം നൈറ്റ് പട്രോളിംഗിനു ഗ്രാമത്തിലെത്തിയ പോലീസുകാരെ അറിയിച്ചു. കുട്ടികളെ കാണാതായ കേസിൽ അന്വേഷണം നടക്കുന്ന വിവരം പോലീസുകാർക്ക് അറിയാമായിരുന്നു.
അതിനാൽ ക്യാപ്റ്റനെയും ഭാര്യയെയും പോലീസ് സംഭവ സ്ഥലത്തേക്കു വിളിപ്പിച്ചു. മക്കളുടെ മൃതദേഹങ്ങൾ കണ്ട് ആ ദന്പതികൾ തകർന്നുപോയി. കൊല്ലപ്പെട്ടതു ഗീതയും സഞ്ജയുമാണെന്നു ക്യാപ്റ്റൻ മദൻ മോഹൻ ചോപ്രയും ഭാര്യയും സ്ഥിരീകരിച്ചു.
പോലീസിനെതിരേ ചോപ്ര
ഓഗസ്റ്റ് 29നാണ് ദില്ലി പോലീസ് സർജനായ ഡോ.ഭരത് സിംഗ് മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടത്തുന്നത്. മൃതദേഹങ്ങൾ ജീർണിച്ച് അഴുകിത്തുടങ്ങിയിരുന്നു.
ഗീതയ്ക്കു നേരെ ലൈംഗികമായ ആക്രമണം സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും കുറ്റവാളികൾ പിന്നീട് അങ്ങനെ മൊഴി നൽകിയിരുന്നു. മരണകാരണമായി പറഞ്ഞതു കത്തികൊണ്ടുള്ള കുത്തേറ്റ മുറിവുകളാണ്.
എന്നാൽ, തുടക്കം മുതലുള്ള പോലീസിന്റെ അനാസ്ഥയിൽ ക്യാപ്റ്റൻ ചോപ്ര രോഷാകുലനായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി രണ്ടു പേർ വിളിച്ചറിയിച്ചിട്ടും കാര്യമായൊന്നും ചെയ്യാതിരുന്ന പോലീസിനെതിരേ ചോപ്ര പ്രതികരിച്ചതു വലിയ വാർത്തയായി.
ഇരുട്ടിൽത്തപ്പി പോലീസ്
ഇരുട്ടിൽ തപ്പുന്ന സ്ഥിതിയാലായിരുന്നു ആദ്യം പോലീസ്. ഈ കുറ്റകൃത്യത്തിൽ എത്രപേരാണ് ഉൾപ്പെട്ടിരുന്നത്? എങ്ങനെ? എവിടെവച്ചാണ് നടന്നത് ? എന്നതു സംബന്ധിച്ച് ഒരു ധാരണയും പോലീസിനു കിട്ടിയില്ല. കുട്ടികളുടെ ചിത്രവും മറ്റുമടക്കമുള്ള കഥകൾ മാധ്യമങ്ങളിൽ വൈകാരികമായി അവതരിപ്പിക്കപ്പെട്ടു.
ഇതോടെ കേസ് രാജ്യം മുഴുവൻ ശ്രദ്ധിച്ചു. കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകുന്നതു കണ്ട ദൃക്സാക്ഷികൾ പോലീസിനു മൊഴി കൊടുക്കാൻ തയാറായി മുന്നോട്ടുവന്നു. ഇതോടെ അന്വേഷണം ആ ഫിയറ്റ് കാർ കേന്ദ്രീകരിച്ചായി. ഈ കൃത്യത്തിനു പിന്നിൽ രണ്ടു പേരാണെന്നും പോലീസിനു മനസിലായി.
ഫിയറ്റ് കാർ തേടി ഉടമയും
ഇതിനിടെ, മോഷ്ടിക്കപ്പെട്ട തന്റെ ഫിയറ്റ് കാർ തേടി ഉടമസ്ഥനും അന്വേഷണം തുടങ്ങിയിരുന്നു. തന്റെ കാർ മജ്ലിസ് പാർക്കിൽ മറ്റൊരു രജിസ്ട്രേഷൻ നമ്പറുമായി ഉടമ കണ്ടെത്തി.
ഉടമസ്ഥൻ തന്റെ കൈവശമുള്ള താക്കോൽകൊണ്ടു കാർ സ്റ്റാർട്ടാക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. തുടർന്നു പോലീസിൽ അറിയിച്ചു. പോലീസ് എത്തി കാറിൽനിന്നു സിഗരറ്റ് കുറ്റിയും രക്തക്കറകളും മറ്റു സാമ്പിളുകളും ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
പ്രധാനമന്ത്രി വരെ
ഗീത- സഞ്ജയ് കേസ് അപ്പോഴേക്കും മാധ്യമങ്ങളിൽ നിറഞ്ഞു കത്തിത്തുടങ്ങി. തലസ്ഥാന നഗരിയിൽ നടന്ന ക്രൂരകൊലപാതകം അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പ്രതിച്ഛായയെ വരെ ബാധിക്കുന്ന തരത്തിലേക്കു നീങ്ങി. ഇതോടെ മൊറാർജി ദേശായി ക്യാപ്റ്റൻ ചോപ്രയെ വീട്ടിൽ ചെന്നു കണ്ടതു വലിയ വാർത്തയായി മാറി.
കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുമെന്നു പ്രധാനമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി. രാഷ്ട്രീയ പ്രതിയോഗികൾ ഈ കേസിലെ സമർഥമായി ഉപയോഗിച്ചു. ഇതോടെ പോലീസ് ചൂടായെങ്കിലും കാര്യമായ സൂചനകൾ കിട്ടിയില്ല.
എന്നാൽ, ഏതാനും ആഴ്ചകൾക്കകം രംഗയും ബില്ലയും അറസ്റ്റിലായി. പോലീസിന്റെ അന്വേഷണ മികവുകൊണ്ടല്ല, മറിച്ചു പ്രതികൾക്കു തന്നെ പറ്റിയ ഒരു അബദ്ധമാണ് അവരെ കുടുക്കിയത്.
(തുടരും).