കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിൽ വിചാരണ പൂർത്തിയായി. വിധി പറയുന്നതിനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. പാറമ്പു ഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീണ് ലാൽ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഫിറോസാബാദിലെ ചേരിപ്രദേശത്ത് രഹന എന്നു പേരുള്ള വീട്ടിൽ പരേതനായ കൈലാസ് ചന്ദ്രയുടെ മകൻ നരേന്ദ്ര കുമാർ (26) ആണ് പ്രതി.
2015 മേയ് 16ന് രാത്രി 12നാണ് കൊല നടത്തിയത്. സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ 22ന് പാന്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ കോട്ടയത്തുനിന്നു പോയ ഏഴംഗ പോലീസ് സംഘം ആണ് അറസ്റ്റു ചെയ്തത്. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ശാന്തകുമാരി മുന്പാകെയാണ് വിചാരണ പൂർത്തിയായത്. പ്രോസിക്യൂഷൻ 53 സാക്ഷികളെ വിസ്തരിച്ചു.
100 പ്രമാണങ്ങളും 40 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.
പ്രോസിക്യൂഷനു വേണ്ടി രഞ്ജിത് ജോണും പ്രതിക്കു വേണ്ടി കോടതി നിയോഗിച്ച ജിതേഷ് ബാബുവുമാണ് കോടതിയിൽ ഹാജരായത്. പണത്തിനു വേണ്ടിയാണ് കൊല നടത്തിയത്. കൊലയ്ക്കു ശേഷം പ്രതി കൈവശപ്പെടുത്തിയ മൊബൈൽ ഫോണുകളും പ്രസന്നകുമാരിയുടെ ആഭരണങ്ങളും അലക്കുകടയിൽനിന്നും കൈവശപ്പെടുത്തിയ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തു. പ്രസന്നകുമാരിയുടെ വള, മാല എന്നിവ മാത്രമല്ല മുറിച്ചെടുത്ത കാത് ഉൾപ്പെടെ കമ്മലും പ്രതിയുടെ ബാഗിലുണ്ടായിരുന്നു.
മൂന്നു പേരെയും കഴുത്തറുത്തും തലയിൽ വെട്ടിയും പിന്നീടു വൈദ്യുതാഘാതം ഏല്പിച്ചുമാണു കൊലപ്പെടുത്തിയത്. ലാലസന്റെയും പ്രസന്നകുമാരിയുടെയും ശരീരത്തിൽ ആസിഡ് ഒഴിച്ചിട്ടുമുണ്ടായിരുന്നു.കൊലയ്ക്കുപയോഗിച്ച് കോടാലിയും കത്തിയും കൃത്യം നടന്ന മുറിയിൽനിന്നു കണ്ടെടുത്തിരുന്നു. മൃഗീയമായ കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ നരേന്ദ്രകുമാർ ട്രെയിനിൽ ഫിറോസാബാദിലേക്കു രക്ഷപ്പെടുകയായിരുന്നു. പാമ്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടി നിയമത്തിന്റെ മുന്നിലെത്തിച്ചത്. ഓഗസ്റ്റ് 10ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
മ്പ