കോട്ടയം: കോട്ടയത്തെ നടുക്കിയ കൂട്ടക്കൊലപാതകമാണ് ഒൻപതു വർഷങ്ങൾക്കു മുമ്പ് പാറമ്പുഴയില്‍ സംഭവിച്ചത്. കേസില്‍ കോട്ടയം ജില്ലാ കോടതി പ്രഖ്യാപിച്ച വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന് പ്രവീണ്‍ ലാല്‍ (28)എന്നിവരെ മൃഗീയമായി കൊലചെയ്ത ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാറിന്റെ (43) ശിക്ഷയാണ് ഹൈക്കോടതി ഇന്നലെ ഇളവു ചെയ്തത്.
2015 മേയ് 16നു രാത്രിയായിരുന്നു കൂട്ടക്കൊല. 17നു പുലര്‍ച്ചെയാണു കൊലപാതക വിവരം പുറംലോകമറിയുന്നത്. വീടിനോടു ചേര്‍ന്നുള്ള തുണിയലക്കു സ്ഥാപനത്തിലാണ് മൂവരെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആയുധം ഉപയോഗിച്ചുള്ള ക്രൂരതയ്ക്കൊപ്പം വൈദ്യുതാഘാതവും ഏല്‍പ്പിച്ചിരുന്നു.
അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു നരേന്ദര്‍ കുമാര്‍. പ്രവീണ്‍കുമാറും നരേന്ദറുമായി ജോലി സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതിലെ വൈരാഗ്യം തീര്‍ക്കുന്നതിനൊപ്പം മോഷണവുമായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നുമാണു പോലീസ് കണ്ടെത്തിയത്.
കൃത്യത്തിനുശേഷം പുലര്‍ച്ചെയോടെ കോട്ടയത്തെത്തി ട്രെയിനില്‍ നാടുവിട്ട പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ ഫിറോസാബാദില്‍നിന്നു പിടികൂടുകയായിരുന്നു. പ്രസന്നകുമാരിയുടെ ഒരു കാത് കമ്മല്‍ ഉള്‍പ്പെടെ മുറിച്ച് പ്രതി ബാഗില്‍ കരുതിയതും പോലീസ് കണ്ടെടുത്തു. കേസിലെ പ്രധാന തെളിവുകളിലൊന്നായിരുന്നു ഇത്.
2017 മാര്‍ച്ചിലാണ് കേസില്‍ ജില്ലാകോടതി ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കൊപ്പം ഇരട്ടജീവപര്യന്തവും ഏഴുവര്‍ഷം തട വിധിച്ചിരുന്നു. പിഴയായി 75,000 രൂപ ഒടുക്കണമെന്നും അല്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും വിധിച്ചിരുന്നു.വിസ്താര വേളയില്‍ താനല്ല കുറ്റക്കാരനെന്നും തന്നെ ബന്ധിയാക്കി മുഖംമൂടി ധരിച്ച മൂന്നുപേരാണു കുറ്റകൃത്യം നടത്തിയതെന്നും നരേന്ദര്‍ കുമാര്‍ വാദിച്ചിരുന്നു.
അവരാണ് തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചതെന്നും ഒടുവില്‍ യുപിയില്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നും പ്രതി പറഞ്ഞിരുന്നു.സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രതിയുടേതും കൊല്ലപ്പെട്ടവരുടേതുമല്ലാത്ത മുടിയിഴകള്‍ ആരുടേതെന്നു കണ്ടെത്തായിട്ടില്ലെന്നത് വിസ്താര വേളയില്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടി.
പരോള്‍ അനുവദിക്കാതെ 20 വര്‍ഷം തടവാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഇതോടകം അനുഭവിച്ച ഏഴു വര്‍ഷത്തെ തടവിന് ഇതില്‍ ഇളവുലഭിക്കും.സംഭവസ്ഥലത്തെ വിരലടയാളങ്ങളും തലമുടികളും രക്തം പുരണ്ട കാല്‍പ്പാടുകളും പ്രതിയുടേതാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിയുടെ കൈവശത്തുനിന്നും കണ്ടെടുത്ത മുതലുകള്‍ക്കു പ്രതിഭാഗം നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ പൂര്‍ണമായി ശിക്ഷയില്‍നിന്ന് ഒഴിവാക്കുവാന്‍ സാധിക്കില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
പ്രതിയുടെ പൂര്‍വകാല സ്വഭാവവും ജയിലിലെ പെരുമാറ്റവും ശിക്ഷ ഇളവ് ചെയ്യാ്്ന് കാരണമായി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ പാടില്ലെന്ന മുന്‍കാല സുപ്രീം കോടതി വിധികളും ഹൈക്കോടതി പരിഗണിച്ചു. പ്രതിക്കുവേണ്ടി എം.പി. മാധവന്‍കുട്ടി, വിചാരണ കോടതിയില്‍ കോടതി നിയോഗിച്ച ജിതേഷ് ജെ. ബാബു എന്നിവര്‍ ഹാജരായി.