കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി കുറ്റം നിഷേധിച്ചു. മൂന്നു പേരെ കൊല ചെയ്തത് താനല്ലെന്നും മുഖംമൂടി ധരിച്ച മറ്റു മൂന്നു പോരാണെന്നും കേസിലെ പ്രതി നരേന്ദ്ര കുമാര്‍ (26) കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി മുമ്പാകെ അറിയിച്ചു. കറുത്ത പാന്റ്‌സ് ധരിച്ച് മുഖം മറച്ച മൂന്നു പേരാണ് കൊല നടത്തിയതെന്ന് പ്രതി ഹിന്ദിയില്‍ എഴുതി കോടതിക്ക് നല്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതിയുടെ കുറിപ്പില്‍ പറയുന്നതിങ്ങനെ: സംഭവം നടന്ന 2015 മെയ് 15ന് അലക്കു കമ്പനിയിലെ ജോലി കഴിഞ്ഞ് എല്ലാ ജീവനക്കാരും പോയിക്കഴിഞ്ഞപ്പോള്‍ കൊല്ലപ്പെട്ട പ്രവീണ്‍ എത്തി. ദുഃഖിതനായിരുന്നു. ടെന്‍ഷന്‍ എന്താണെന്നു ചോദിച്ചപ്പോള്‍ ഗേള്‍ ഫ്രണ്ടുമായി വഴക്കിലാണെന്നു പറഞ്ഞു.
പിന്നീട് ഞാന്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ പോയി. തിരികെ വരുമ്പോള്‍ പ്രവീണും അയാളുടെ കാറും ഉണ്ടായിരുന്നില്ല. പ്രവീണിന്റെ അച്ഛന്‍ ലാലസന്‍ ഇടയ്ക്ക് അലക്കു കമ്പനിയിലേക്ക് വന്നിരുന്നു. രാത്രി പത്തരയോടെ ഞാന്‍ അലക്കു കമ്പനിയില്‍ ഉറങ്ങാന്‍ കിടന്നു. കുറെ കഴിഞ്ഞപ്പോള്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഞാന്‍ ഷട്ടര്‍ തുറന്ന്് പ്രവീണിനെ വിളിച്ചു. മറുപടി ലഭിക്കാതെ വന്നപ്പോള്‍ മെഷീന്‍ ഹാളിലേക്ക് ചെന്നപ്പോള്‍ അവിടെ പ്രവീണ്‍ വീണു കിടക്കുന്നു. അടുത്തു ചെന്ന് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരോ പിന്നില്‍ നിന്ന് എന്നെ ചവുട്ടി.
ദൂരേക്ക് തെറിച്ചു വീണ ഞാന്‍ ചീത്തവിളിച്ചുകൊണ്ട് എഴുന്നേറ്റപ്പോള്‍ മുന്നില്‍ മൂന്നു പേര്‍. മൂന്നു പേരും തുണികൊണ്ട് മുഖം മറച്ചിരുന്നു. അവരില്‍ രണ്ടു പേര്‍ വന്ന് എന്നെ പിടിച്ചു. ഒരാള്‍ നീല ജീന്‍സും അരക്കൈയന്‍ ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. മറ്റെയാള്‍ കറുത്ത പാന്റും വെളുത്ത ഷര്‍ട്ടും ധരിച്ചിരുന്നു. മൂന്നാമന്‍ തടിച്ചുരുണ്ട് വലിയ ശരീരത്തോടുകൂടിയവനായിരുന്നു. അയാളുടെ കൈവശം ഒരു ചെറിയ തോക്കും ഉണ്ടായിരുന്നു. അയാള്‍ എന്റെ കരണത്തടിച്ചു. മൂന്നു പേരും എന്നെ മര്‍ദിച്ചു. “നിന്നോട് വിരോധമൊന്നുമില്ല ഇവിടെ നിന്ന് ഓടിപ്പോ ഇയാളെ ഞങ്ങള്‍ കൊല്ലും “എന്ന് അവരില്‍ ഹിന്ദിപറയുന്ന ഒരാള്‍ എന്നോടു പറഞ്ഞു.
ഇതിനിടെ ലാലസന്‍ അവിടേക്ക് വന്നു. തടിയന്‍ ഒരു കോടാലി എടുത്ത് ലാലസന്റെ തലയില്‍ അടിച്ചു. ഞാന്‍ കരഞ്ഞപ്പോള്‍ അലക്കുകമ്പനിയിലെ ഓഫീസില്‍ പൂട്ടിയിട്ടു. പുറത്ത് ലാലസന്റെ ഭാര്യ പ്രസന്ന കുമാരിയുടെ ശബ്ദം കേട്ടു. പിന്നീട് അതും നിലച്ചു. കുറെ കഴിഞ്ഞ് ഒരാള്‍ ഓഫീസിലേക്ക് വന്ന് സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ട് എന്തോ തെരഞ്ഞു.
പിന്നീട് എന്നോട് ബാഗ് എടുക്കാന്‍ പറഞ്ഞു. പുറത്തെ കാറില്‍ കൊണ്ടുപോയി ഇരുത്തി. പ്രവീണിന്റെ കാര്‍ തുറന്നു കിടക്കുന്നതും ഒരു കറുത്ത പള്‍സര്‍ ബൈക്കും അവിടെ കണ്ടു. തടിയനെ അവിടെ നിര്‍ത്തി എന്നെയും കൊണ്ട് രണ്ടു പേര്‍ കാറില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. 1500 രൂപയും എറണാകുളത്തേക്കുള്ള ടിക്കറ്റും എനിക്കു തന്നു. അധികം മിടുക്കനാകരുതെന്ന് പറഞ്ഞു. നിന്റെ വീട്ടിലെത്താനും ഞങ്ങള്‍ക്കറിയാം എന്നു പറഞ്ഞ് എന്റെ ബന്ധുക്കളുടെ ചില ഫോണ്‍ നമ്പരുകള്‍ എന്നെ കാണിച്ചു.
അവരില്‍ നിന്ന് രക്ഷപ്പെട്ട് ഞാന്‍ എറണാകുളത്തെത്തി. അവിടെ നിന്ന് മുന്നു മണിക്കുള്ള ട്രെയിനില്‍ ഞാന്‍ നാട്ടിലെത്തി. വിട്ടിലെത്തുന്ന ദിവസം രാത്രിയില്‍ പോലീസ് വീട്ടിലെത്തി. ഞാനില്ലായിരുന്നു. പോലീസ് എന്റെ ജേഷ്ഠനെയും അമ്മയെയും ജേഷ്ഠന്റെ മകനയെും പിടിച്ചുകൊണ്ടുപോയി സ്‌റ്റേഷനില്‍ തടവിലാക്കി. ഞാന്‍ ആഗ്രയിലെ സൂഹൃത്ത് കിഷോറിന്റെ വീട്ടിലെത്തിയപ്പോള്‍ അവനെയും പോലീസ് പിടിച്ചുകൊണ്ടു പോയി എന്നറിഞ്ഞു.
അവന്റെ വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ രാധാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിച്ച ശേഷം കീഴടങ്ങി. എന്നെ ആഗ്രയിലെ രാംബാഗ് സ്‌റ്റേഷനില്‍ തടവിലാക്കി. പിന്നീട് ഫിറോസാബാദ് പോലീസ് കൂട്ടിക്കൊണ്ടുപോയി. അവിടെ പോലീ്‌സ് എന്നെ ലാത്തികൊണ്ട് അടിച്ചു. അപ്പോള്‍ ആദ്യമായി കേരള പോലീസിന്റെ കൈയ്യില്‍ ഒരു ബാഗ് ഇരിക്കുന്നതു കണ്ടു.
അതാണ് ഇപ്പോള്‍ കോടതിയിലുള്ളത്. സ്‌റ്റേഷനില്‍ എന്നെ ചോദ്യം ചെയ്തത് ഹിന്ദിയിലാണ്. എല്ലാ കാര്യങ്ങളും എഴുതുന്നുണ്ടായിരുന്നു. കേരളാ പോലീസിന്റെ സാന്നിധ്യത്തിലാണ് എന്റെ മൊഴി രേഖപ്പെടുത്തിയത്. ലാലസന്‍, പ്രവീണ്‍, പ്രസന്ന കുമാരി എന്നിവരുടെ കൊലചെയ്തതില്‍ എനിക്ക് യാതൊരു പങ്കുമില്ല. മുഖംമൂടി ധരിച്ച മൂന്നു പേരാണ് അവരെ വധിച്ചത്. ഒരു കൊല്ലവും അഞ്ചു മാസവുമായി ഞാന്‍ ജയിലിലാണ്. എന്നെ നാട്ടിലേക്കു പോകാന്‍ അനുവദിക്കണമെന്നും പ്രതി എഴുതി നല്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. പ്രതിയുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. ഇതിനിടെ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി നല്കാന്‍ കോടതി പറഞ്ഞതനുസരിച്ചാണ് പ്രതി കുറിപ്പ് നല്കിയത്. കേസ് ഇനി അടുത്ത എട്ടിന് പരിഗണിക്കും.
പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ 2015 മേയ് 16ന് രാത്രി ഇവരുടെ വീടിനോട് ചേര്‍ന്നുള്ള അലക്കു കമ്പനിയില്‍ വച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഫിറോസാബാദിലെ ചേരിപ്രദേശത്ത് രഹന എന്നു പേരുള്ള വീട്ടില്‍ പരേതനായ കൈലാസ് ചന്ദ്രയുടെ മകന്‍ നരേന്ദ്ര കുമാര്‍ (26) ആണു കേസിലെ പ്രതി. ഒരാഴ്ചക്കുള്ളില്‍ പ്രതി പിടിയിലായിരുന്നു.