ലിസ്ബണ്‍: ലോകകപ്പിനു യോഗ്യത നേടാൻ സാധിക്കാതിരുന്നതിനു പിന്നാലെ ഇറ്റലിക്ക് വീണ്ടും തിരിച്ചടി. യുവേഫ നേഷൻസ് കപ്പ് ലീഗ് എയിലെ ഗ്രൂപ്പ് മൂന്നിൽ ഇറ്റലി 0-1ന് പോർച്ചുഗീസുകാർക്കു മുന്നിൽ തലകുനിച്ചു. ഇതോടെ രണ്ട് കളിയിൽനിന്ന് ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്തായി അസൂറികൾ.
റോബർട്ടോ മാൻസീനിയുടെ ശിഷ്യന്മാർ ആദ്യ മത്സരത്തിൽ പോളണ്ടുമായി സമനിലയിൽ പിരിഞ്ഞിരുന്നു. ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ആകുന്നവർ ലീഗ് എയിൽനിന്ന് ബിയിലേക്ക് തരംതാഴ്ത്തപ്പെടും. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതിരുന്ന പോർച്ചുഗൽ 48-ാം മിനിറ്റിൽ ആന്ദ്രേ സിൽവയുടെ ഗോളിലാണ് ജയം സ്വന്തമാക്കിയത്. റൊണാൾഡോയുടെ ഏഴാം നന്പർ ജഴ്സി അണിഞ്ഞത് ബ്രൂമയായിരുന്നു എന്നതും കൗതുകമായി.
പോളണ്ടിനെതിരേ ഇറങ്ങിയ ടീമിൽ ഒന്‍പത് മാറ്റവുമായായിരുന്നു മാൻസിനി പോർച്ചുഗലിനെതിരേ ഇറ്റലിയെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ ശക്തമായ വിമർശനം നേരിടേണ്ടിവന്ന സ്ട്രൈക്കർ മാരിയോ ബലോട്ടെല്ലിയെ ടീമിൽ ഉൾപ്പെടുത്തിയില്ല.
ലീഗ് ബിയിലെ ഗൂപ്പ് രണ്ടിൽ തുർക്കി 3-2ന് സ്വീഡനെ കീഴടക്കി. 2-0നു പിന്നിൽനിന്നശേഷമായിരുന്നു തുർക്കിയുടെ ശക്തമായ തിരിച്ചുവരവ്. ഗ്രൂപ്പിൽ തുർക്കിയുടെ ആദ്യജയമാണിത്. ലീഗ് സിയിലെ ഗ്രൂപ്പ് നാലിൽ റൊമാനിയയും സെർബിയയും 2-2 സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് ഒന്നിൽ സ്കോട്ലൻഡ് 2-0ന് അൽബേനിയയെ കീഴടക്കി.
ലീഗ് ഡിയിലെ ഗ്രൂപ്പ് ഒന്നിൽ അൻഡോറയും കസാഖ്സ്ഥാനും 1-1 സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് മൂന്നിൽ കൊസൊവൊ 2-0ന് ഫറവോ ഐലൻഡിനെ പരാജയപ്പെടുത്തിയപ്പോൾ മാൾട്ടയും അസർബൈജാനും 1-1 സമനിലയിൽ പിരിഞ്ഞു.