കൊടകര: കുറുമാലി പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പറപ്പൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലുണ്ടായത് അറുപതുലക്ഷത്തിന്റെ നാശനഷ്ടം.പന്തല്ലൂരിലെ പാടത്തോടുചേർന്നു പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു.
ആരോഗ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ ഒട്ടുമിക്കതും വെള്ളം കയറി നശിച്ചു. മരുന്നുകൾ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, അലമാരകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ വെള്ളം കയറി നശിച്ചു. വെള്ളം കയറിയതിനെ തുടർന്ന് ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം പന്തല്ലൂർ ജനത സ്കൂളിനു സമീപത്തെ കലാസമിതി കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കകം ശുചീകരണം പൂർത്തിയാക്കി ആരോഗ്യകേന്ദ്രം തുറന്നു പ്രവർത്തിക്കാനാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി.ശിവരാജൻ പറഞ്ഞു. നന്തിക്കര ഗവ.ഹൈസ്കൂളിലെ എൻഎസ്എസ് വളന്റിയർമാർ, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്ലീൻ കേരള വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ, എന്നിവർ ആരോഗ്യകേന്ദ്രത്തിൽ ശുചീകരിച്ചു.
ക്ലീൻ കേരള കൂട്ടായ്മയിലെ ഒറ്റപ്പാലം, കടന്പഴിപ്പുറം, മണ്ണാർക്കാട്, പറളി, കൊളപ്പുള്ളി,മഞ്ചേരി എന്നിവിടങ്ങളിലുള്ളവരാണ് ഇന്നലെ ശുചീകരണം നടത്തിയത്. വെള്ളം കയറി നാശം ഉണ്ടായ ആരോഗ്യ കേന്ദ്രം ഡിഎംഒ ഡോ.ബിന്ദു തോമസ് സന്ദർശിച്ചു.