പത്തനംതിട്ട: കെഎസ്ആർടിസിയുടെ നഷ്ടം നികത്താനെന്ന പേരിൽ വിദ്യാർഥികളുടെ യാത്രാ സൗജന്യം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് പാരലൽ വിദ്യാർഥികൾ തെണ്ടൽ സമരം നടത്തി.പൊതുജനങ്ങളിൽ നിന്നു ഭിക്ഷയെടുത്ത് നഷ്ടം നികത്തിത്തരാമെന്നും ഇതിന്റെ പേരിൽ കൺസഷൻ നിഷേധിക്കരുതെന്നും പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിലേക്കു മാർച്ചു നടത്തിയ വിദ്യാർഥികൾ ആവശ്യപ്പെട്ടു.
അരമണിക്കൂർ ഭിക്ഷയെടുത്തു ലഭിച്ച 486 രൂപ വിദ്യാർഥികൾ കെഎസ്ആർടിസിക്ക് എംഡിക്ക് മണിയോർഡറായി അയച്ചുകൊടുത്താണ് സമരം അവസാനിപ്പിച്ചത്.പാരലൽ കോളജ് അസോസിയേഷൻ മേഖല ചെയർമാൻ കെ.ആർ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ജതിൻ രാജീവൻ അധ്യക്ഷത വഹിച്ചു. ബിനു ബേബി, എസ്. രാജീവൻ, സി. ആതിര, അമൃത് രാജ്, ആകാശ്, അനീഷ് നായർ, അശോക് ദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.