തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന. പീഡനത്തിനിരയായ പെൺകുട്ടിയെ പോലീസ് കൗൺസ ലിംഗിന് വിധേയമാക്കും. ഇത്തരത്തിൽ കൗൺസലിംഗിനു വിധേയമാക്കിയാൽ കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ പറഞ്ഞു.
പെൺകുട്ടിയെ പോലീസ് ഇപ്പോൾ ഒരു അഭയ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇന്നു പെൺകുട്ടിയുമായി പോലീസ് പീഡനം നടന്ന സ്ഥലങ്ങളിൽ തെളിവെടുപ്പിന് എത്തുന്നുണ്ട്.പീഡനവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേർ അറസ്റ്റിലായി. പ്രതിപ്പട്ടികയിലുള്ള മൂന്നുപേർ വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതായി തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു. വിദേശത്തേക്ക് കടന്ന പ്രതികളെ പിടികൂടുന്നതിന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ധർമശാല തളിയിൽ സ്വദേശി അക്ഷയ്, മാലൂർ തോലമ്പ്ര സ്വദേശി ബവിൻ, പാപ്പിനിശേരിയിലെ യുവാവ് എന്നിവരാണ് ഇന്നലെ വളപട്ടണം പോലീസിന്റെ പിടിയിലായത്. മാലൂർ സ്വദേശിയെ എറണാകുളത്തുനിന്നും പാപ്പിനിശേരി സ്വദേശിയെ പ്രത്യേകസംഘം പയ്യന്നൂരിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കൂട്ടമാനഭംഗ കേസിൽ വിവിധ സ്റ്റേഷനുകളിലായി പോലീസ് രജിസ്റ്റർചെയ്ത 15 കേസുകളിൽ ആകെ 19 പ്രതികളാണുള്ളത്.
ഇതിൽപ്പെട്ട പാപ്പിനിശേരിയിലെ ശിൽഗേഷ്, പഴയങ്ങാടിയിലെ ഷിനു, മാട്ടൂൽ സ്വദേശി മുസ്തഫ എന്നിവരാണ് വിദേശത്തേക്ക് മുങ്ങിയത്. ഇതിനിടെ കൂടുതൽ പെൺകുട്ടികൾ സെക്സ് റാക്കറ്റിന്റെ വലയിൽപെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനായി കണ്ണൂർ വനിതാ സിഐയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.