കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ രാഷ്ട്രീയ ഇടപെടലും. പീഡനത്തിനിരയായ വിദ്യാർഥിനിയുടെ സ്കൂൾരേഖകളിൽ ഓഫീസ് ക്ലർക്കിന്റെ നേതൃത്വത്തിൽ കൃത്രിമം നടത്തിയത് ഒരു രാഷ്ട്രീയ നേതാവിന്റെ നിർദേശപ്രകാരമാണെന്നാണ് സൂചന.
ക്ലർക്കിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വളപട്ടണം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഹാജർബുക്കിലെ സുപ്രധാന രേഖകളിലെ മൂന്നുപേജുകൾ കീറി മാറ്റിയെന്ന മുഖ്യാധ്യാപികയുടെ പരാതിയെതുടർന്നാണ് ക്ലർക്കിനെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തത്.
പീഡനക്കേസിൽ അറസ്റ്റിലായ പ്രതികളെ സഹായിക്കുന്നതരത്തിൽ ഹാജർബുക്കിന്റെ പേജുകൾ കീറി മാറ്റിയതിന്റെ പിന്നിൽ സാന്പത്തിക ഇടപാടെന്നും സൂചനയുണ്ട്. പീഡനത്തിനിരയായ ദിവസങ്ങളിൽ പെൺകുട്ടി സ്കൂളിൽ ഹാജരായിരുന്നില്ലെന്നു തെളിയിക്കുന്ന ഹാജർപട്ടിക രേഖകൾക്കായി വളപട്ടണം പോലീസ് സ്കൂളിലെത്തിയിരുന്നു.
സ്കൂൾ രേഖകൾ പകർപ്പെടുക്കാൻ ക്ലർക്കിനു കൈമാറിയെന്നും എന്നാൽ ഇയാൾ ഫോട്ടോകോപ്പി എടുത്തില്ലെന്നും തിരിച്ചെത്തിച്ചപ്പോൾ ഹാജർപട്ടികയിലെ മൂന്നുപേജുകൾ കീറി മാറ്റിയതായും കണ്ടെത്തിയിരുന്നു. തുടർന്ന് മുഖ്യാധ്യാപിക കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു.