കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ കേസ് ഒതുക്കാൻ കൂടുതൽ ഇടപെടലുകൾ. വിദ്യാർഥിനി പഠിച്ചിരുന്ന ക്ലാസിലെ ഹാജർബുക്കിന്റെ പേജുകൾ കീറിമാറ്റിയ സംഭവത്തിൽ അധ്യാപകനടക്കം 3 പേരെ വളപട്ടണം സിഐയുടെ നേതൃത്വത്തിൽ ഇന്ന് ചോദ്യം ചെയ്യും.
ഇന്നലെ കസ്റ്റഡിയിലെടുത്ത ഓഫീസ് ക്ലാർക്കിനെ വിട്ടയച്ചെങ്കിലും ഇന്നു വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഹാജർബുക്കിലെ സുപ്രധാന രേഖകളിലെ മൂന്നുപേജുകൾ കീറി മാറ്റിയെന്ന മുഖ്യാധ്യാപികയുടെ പരാതിയെത്തുടർന്നാണ് ക്ലാർക്കിനെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ എങ്ങും തൊടാതെയുള്ള മറുപടികളാണു ക്ലാർക്ക് നൽകിയത്. കീറി മാറ്റിയത് മറ്റാരോ ആണെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പറശിനിക്കടവില്‍ ഫേസ്ബുക്ക് കെണിയില്‍പ്പെടുത്തി ഒട്ടേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ച പെണ്‍കുട്ടി നഗരത്തിലെ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.
പീഡനത്തിനിരയായ ദിവസങ്ങളില്‍ പെണ്‍കുട്ടി സ്കൂളില്‍ ഹാജരായിരുന്നില്ലെന്നു തെളിയിക്കുന്ന ഹാജര്‍ രേഖകള്‍ക്കായി വളപട്ടണം പോലീസ് സ്കൂളിലെത്തിയിരുന്നു. ഇതിനായി സ്കൂള്‍ രേഖകളുടെ പകര്‍പ്പെടുക്കാന്‍ ക്ലാര്‍ക്കിനു കൈമാറിയെന്നും, എന്നാല്‍ ഇയാള്‍ ഫോട്ടോകോപ്പി എടുത്തില്ലെന്നും തിരിച്ചെത്തിച്ചപ്പോള്‍ ഹാജര്‍പട്ടികയിലെ മൂന്നുപേജുകള്‍ കീറി മാറ്റിയതായും മുഖ്യാധ്യാപിക കണ്ണൂര്‍ ടൗണ്‍ പോലീസില്‍ നല്കിയ പരാതിയിൽ പറയുന്നു.