സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇന്നു മുതല്‍ നടപ്പാക്കുന്ന നാഗർകോവില്‍ മംഗളുരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസിന്റെ സമയമാറ്റം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക സീസണ് ടിക്കറ്റ് യാത്രക്കാര്‍ക്ക്.
നൂറു കണക്കിന് സീസണ് ടിക്കറ്റ് യാത്രക്കാരാണ് വൈകുന്നേരം അഞ്ചുകഴിഞ്ഞാൽ മംഗലാപരും ഭാഗത്തേക്ക് പോകാനുള്ളത്.
ചെന്നൈ എഗ്മോര്‍ മംഗളുരു സെന്‍ട്രല്‍ എക്സപ്രസ് ട്രെയിന്‍ രണ്ടു മണിക്കൂര്‍ നേരത്തെയാക്കിയതോടെ അതില്‍ യാത്ര ചെയ്തിരുന്നവര്‍ക്ക് പരുശുവിന്റെ സമയമാറ്റം ആശ്വാസമാകും.
എന്നാല്‍, ഫറോക്കിനപ്പുറത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പൊള്ളുന്ന ചൂടില്‍ മണിക്കൂറുകളോളം ട്രെയിനില്‍ വെറുതെ കുത്തിയിരിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുക.
ചെന്നൈ എക്സ്പ്രസ് വൈകുന്നേരം 4.55ന് കോഴിക്കോട്ടെത്തി അഞ്ചുമണിക്ക് പോകുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. അത് ഇന്നുമുതല്‍ മാറും. 2.55ന് കോഴിക്കോട്ടെത്തി മൂന്നിന് പുറപ്പെടും.
ഇതോടെ കണ്ണൂര്‍ ഭാഗത്തേക്ക് ട്രെയിനില്ലാത്ത അവസ്ഥ ഒഴിവാക്കുന്നതിനാണ് പരശുവിന്റെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. ചെന്നൈ എക്സ്പ്രസിനെ അപേക്ഷിച്ച് പരശുറാം എക്സ്പ്രസില്‍ ജനറല്‍ സീറ്റുകള്‍ കുടുതലുണ്ട്.
എസി കമ്പാര്‍ട്ടുമെന്റുകളും ഏതാനും റിസര്‍വ്ഡ് സീറ്റുകളുമൊഴിച്ചാല് സാധാരണ സീറ്റുകള്‍ കൂടുതലാണ്. സീസണ് ടിക്കറ്റ് യാത്രക്കാര്‍ക്ക് ഇത്തരം റിസര്‍വ്ഡ് കമ്പാര്ട്ടുമെന്റുകളൊഴിച്ച് മറ്റെല്ലാ ബോഗികളിലും യാത്ര ചെയ്യാന്‍ സാധിക്കും.തിക്കും തിരക്കും കുറയുകയും ചെയ്യും.
എന്നാല്‍ തിരുവനന്തപുരം മുതല്‍ ഫറോക്ക് വരെയുള്ള സ്ഥലങ്ങളില്‍നിന്ന് പരശുവില്‍ കയറുന്നവര്‍ക്ക് ദുരിതമാകും യാത്ര. കാരണം ഫറോക്കില്‍ നിന്ന് കോഴിക്കോട്ട് എത്താല്‍ 55 മിനിട്ടാണ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയം.
ഏതെങ്കിലും ട്രെയിനിന്റെ ക്രോസിംഗ് വന്നാല്‍ പിടിച്ചിടുന്ന സമയം നീളുകയും ചെയ്യും. കോഴിക്കോട്ട് 4.25ന് എത്തി അഞ്ചുമണിക്ക് മംഗളുരുവിലേക്ക് പോകും. 35 മിനിട്ട് കോഴിക്കോട്ട് പിടിച്ചിടും.
ഒന്നര മണിക്കുര്‍ സമയം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നഷ്ടപ്പെടുമെന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇത്തരം യാത്രക്കാര്‍ക്ക് പരശുവിന്റെ സമയമാറ്റം ഇരുട്ടടിയാകും.
ഫറോക്കില്‍ എത്തുന്ന യാത്രക്കാര്‍ അവിടെയിറങ്ങി ബസില്‍ യാത്ര ചെയ്താല്‍ 30 മിനിട്ടുകൊണ്ട് കോഴിക്കോട്ട് എത്താന്‍ സാധിക്കും.
എക്സ്പ്രസ്ട്രെയിനുകള്‍ സ്ഥിരം യാത്രക്കാര്‍ക്കുവേണ്ടി ഇത്തരത്തില്‍ മണിക്കൂറുകള്‍ പിടിച്ചിടുന്നതിനു പകരം ഓഫീസ് സമയം കണക്കാക്കി മെമു ട്രെയിനുകളോ പാസഞ്ചര്‍ ട്രെയിനുകളോ ഓടിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
വടക്കുഭാഗത്തേക്കും തെക്കുഭാഗത്തേക്കും ഇത്തരത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിച്ചാല്‍ മറ്റ് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധിക്കും.
നിലവില്‍ രാവിലെ പത്തിന് കോഴിക്കോട്ട് എത്തുന്ന വിധത്തില്‍ മംഗളുരു സ്പെഷല്‍ ട്രെയിന്‍ ഓടുന്നുണ്ട്. ഇതില്‍ മൂന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് യാത്രയ്ക്ക് അവസരം.
ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംഗാണ്. ഈ ട്രെയിന്‍ ഇപ്പോള്‍ കാലിയായാണ് ഓടുന്നത്.സാധാരണ ട്രെയിനുകള്‍ പോലെ എല്ലാ സ്റ്റോപ്പിലും നിര്‍ത്തുകയും യാത്രക്കാരെ കയറ്റുകയും ചെയ്താല്‍ അത് യാത്രക്കാര്‍ക്ക് ഗുണകരമാകും.
എല്ലാ സ്റ്റേഷനുകളിലും ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഒരുക്കുകയും വേണം.നേരത്തെ സര്‍വീസ് നടത്തിയിരുന്ന തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ പനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.