കൊല്ലം: മംഗളുരു സെൻട്രൽ -നാഗർകോവിൽ ജംഗ്ഷൻ പരശുറാം എക്സ്പ്രസ് ഇന്നു മുതൽ കന്യാകുമാരി വരെ നീട്ടി. മാത്രമല്ല തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ട്രെയിനിൽ രണ്ട് അധിക സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും ഉൾപ്പെടുത്തി. ഇന്ന് രാത്രി 8.20 ന് നാഗർകോവിലിൽ ജംഗ്ഷനിൽ എത്തുന്ന പരശുറാം 8.25 ന് പുറപ്പെട്ട് 9.15 ന് കന്യാകുമാരിയിൽ എത്തും.
തിരികെയുള്ള സർവീസ് (16650) നാളെ രാവിലെ 3.45 ന് കന്യാകുമാരിയിൽ നിന്ന് തിരിക്കും. നാഗർകോവിലിൽ 4.05 ന് എത്തി 4.10 ന് പുറപ്പെടും.16 സെക്കന്‍ഡ് ക്ലാസ് ജനറൽ, മൂന്ന് സെക്കൻ്റ് ക്ലാസ് ചെയർകാർ, രണ്ട് ഏസി ചെയർകാർ, അംഗപരിമിതർക്കായി രണ്ട് സെക്കൻഡ് ക്ലാസ്, ലഗേജ് കം ബ്രേക്ക് വാൻ അടക്കം ഇനി പരശുറാമിൽ 23 കോച്ചുകൾ ഉണ്ടാകും.
നാഗർകോവിൽ ജംഗ്ഷനിൽ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ താത്ക്കാലികമായാണ് വണ്ടി കന്യാകുമാരി വരെ നീട്ടുന്നതെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
ജൂലൈ ഒന്നുമുതൽ പുതിയ റെയിൽവേ ടൈംടേബിൾ നിലവിൽ വരുമ്പോൾ പരശുറാം കന്യാകുമാരിക്ക് നീട്ടുമെന്ന് രാഷ്ട്രദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ പുതിയ ടൈം ടേബിൾ ഇക്കുറി ഈ മാസം പുറത്തിറങ്ങിയില്ല. 2025 ജനുവരി മുതലായിരിക്കും പുതിയ ടൈംടേബിൾ നിലവിൽ വരിക എന്നാണ് ഇപ്പോൾ അധികൃതർ വ്യക്തമാക്കുന്നത്.