വടകര: പരശുറാം എക്സ്പ്രസിലെ ജനറൽ കോച്ചുകൾ കുറച്ചുകൊണ്ട് യാത്രക്കാരോടുള്ള റെയിൽവെയുടെ ക്രൂരത തുടരുന്നു. മലബാറിലെ യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന ട്രെയിൻ ആണ് പരശുറാം എക്സ്പ്രസ്. കോച്ചുകൾ കുറക്കുന്നതിനെതിരെ പ്രതിഷേധം ഉയരുകയും ഇവ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ശീലമാണ് റെയിൽവെയുടേത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചെന്ന പേരിൽ കഴിഞ്ഞ ആഴ്ച മുതൽ 22 കോച്ചുകൾ കൊണ്ടു വന്നു.
ഇപ്പോൾ ഇത് വീണ്ടും 21 ആക്കി ചുരുക്കുകയും ഇതിൽ തന്നെ ഒരു ജനറൽ കോച്ചിന് പകരം റിസർവേഷൻ ആക്കുകകയും ചെയ്തിരിക്കുകയാണ്. നിലവിൽ മൂന്നു വീതം എസി, ഡി റിസർവേഷൻ കോച്ചുകൾ നിലനിൽക്കെയാണ് രണ്ട് ജനറൽ കോച്ചുകൾ വെട്ടിമാറ്റി പകരം ഒരു ഡി റിസർവേഷൻ കോച്ച് അധികം കൊണ്ടുന്നിരിക്കുന്നത്. മൊത്തം 21 കോച്ചുകളിൽ 10 ജനറൽ കോച്ചുകളുമായാണ് ഈ ട്രെയിൻ ഇപ്പോൾ ഓടുന്നത്.
പൂർണമായും ജനറൽ കോച്ചുകൾ ആയാൽ പോലും നിയന്ത്രിക്കാനാവാത്ത തിരക്കാണ് പരശുവിൽ. രാവിലെ കണ്ണൂർ വിടുന്പോൾ തന്നെ നിറയെ യാത്രക്കാരുമായി കുതിക്കുന്ന പരശു വടകര എത്തിയാൽ പലർക്കും കയറാൻ പറ്റാതെ അടുത്ത ട്രെയിൻ കാത്തിരിക്കേണ്ട സ്ഥിതിയാണ്. നിലവിൽ രാവിലെ ഒന്പതിനു കോഴിക്കോട് എത്തുന്ന പരശു കഴിഞ്ഞാൽ അടുത്ത ട്രെയിൻ 10:55 നാണ്.
അതുകൊണ്ടു തന്നെ ജോലി, പഠനാവശ്യങ്ങൾക്ക് വേണ്ടി സമയത്തിന് എത്താൻ എന്തു ത്യാഗവും സഹിച്ച് പരശുവിൽ യാത്ര ചെയ്യുകയാണ് വിദ്യാർഥികളും സ്ത്രീകളും അടക്കമുള്ളവർ. ജനറൽ കോച്ചുകൾ വെട്ടികുറച്ചത് ഇവരടക്കമുള്ള യാത്രക്കരോട് ചെയ്യുന്ന ക്രൂരതയാണ്. ബജറ്റിൽ കേരളത്തിന് പൊതുവെ റെയിൽവേ പുതുതായി ഒന്നും നൽകാതിരിക്കെയാണ് ഇത്തരം നടപടികൾ.
യാത്രക്കാരുടെ സംഘടനായ മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം (എംടിപിഎഫ് ) ഈ വിഷയത്തിൽ നേരത്തെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ബന്ധപ്പെട്ടവരെ കാണുകയും ചെയ്തിരുന്നു. ഇനിയും യാത്രക്കാരോടുള്ള അവഗണന തുടരുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എംടിപിഎഫ് ഭാരവാഹികളായ എം.പി. അബ്ദുൽ കരീം, ഫൈസൽ ചെള്ളത്ത്, ഫൈസൽ പി.കെ.സി എന്നിവർ മുന്നറിയിപ്പു നൽകി.