മട്ടന്നൂർ: വീർപ്പുമുട്ടുന്ന മട്ടന്നൂർ നഗരത്തിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിന്റെ മറവിൽ പരസ്യ ബോർഡുകളും വയ്ക്കുന്നത് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കും. മട്ടന്നൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരസ്യബോർഡുകൾ സ്ഥാപിക്കുന്നത്.കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ മട്ടന്നൂർ നഗരം സിസിടിവി നിരീക്ഷണത്തിലാക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു.
കൂത്തുപറമ്പിലെ ഒരു സ്ഥാപനത്തിന്റെ സഹായത്തോടെയാണ് നഗരത്തിൽ കാമറ സ്ഥാപിക്കുന്നത്. കാമറ സ്ഥാപിക്കുന്നതിനെന്നു പറഞ്ഞ് റോഡിന്റെ ഒരു ഭാഗത്തു 20 മീറ്റർ ഇടവിട്ട് ഇരുമ്പ് തുണുകൾ സ്ഥാപിച്ചാണ് പരസ്യബോർഡുകളും വയ്ക്കുന്നത്.
വായാന്തോട് മുതൽ മട്ടന്നൂർ ടൗൺ വഴി തലശേരി റോഡ് വരെയാണ് തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലാണ് റോഡിനോടു ചേർന്നു തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. മട്ടന്നൂർ -കണ്ണൂർ റോഡിൽ മരുതായി ജംഗ്ഷനിൽ വീതി കുറഞ്ഞ സ്ഥലമായതിനാൽ ഏതു സമയത്തും ഗതാഗതക്കുരുക്ക് പതിവാണ്.
ഇവിടെ റോഡിൽ തൂണുകൾ സ്ഥാപിച്ചതിനാൽ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുകയാണ്.നടക്കാൻ പോലും കഴിയാത്ത രീതിയിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ജനങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിമാനത്താവളം യാഥാർഥ്യമാകുന്നതിനാൽ നഗരത്തിൽ വാഹനപ്പെരുപ്പമുണ്ടാകുമെന്നിരിക്കെയാണ് പൊതുമരാമത്ത് റോഡിനോട് ചേർന്നു അടുത്ത അടുത്തായി തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഇതിനുപുറമെ റോഡ് വീതി കൂട്ടി നവീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. റോഡിന്റെ സർവേ നടപടികൾ നടക്കുമ്പോഴാണ് റോഡരികിൽ തൂണുകൾ സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകിയിട്ടുള്ളത്.