കോഴിക്കോട്: മംഗളൂരു-നാഗര്‍കോവില്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്സ്പ്രസില്‍ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് രണ്ട് അഡീഷണല്‍ കോച്ചുകള്‍ കൂടി ചേര്‍ക്കുന്ന കാര്യം റെയില്‍വേ പരിഗണിക്കുന്നു.
അസാധാരണമായ തിക്കും തിരക്കും അനുഭവപ്പെടുകയും യാത്രക്കാര്‍ തിരക്കുസഹിക്കാനാവാതെ കുഴഞ്ഞുവീഴുകയും ചെയ്യുന്ന സാഹചര്യത്തിലാണു പുതിയ കോച്ചുകള്‍ അനുവദിക്കുന്നത്. യാത്രാദുരിതം മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുകയും ജനപ്രതിനിധികള്‍ പ്രശ്നത്തില്‍ ഇടപെട്ട് സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നത് പുനരാലോചനയ്ക്ക് റെയില്‍വേയെ പ്രേരിപ്പിക്കുന്നുണ്ട്.
നിലവില്‍ 22 കോച്ചുകളുമായാണ് പരശുറാം എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. പുതുതായി കോച്ചുകള്‍ കൂട്ടിച്ചേര്‍ത്താല്‍ അവസാനത്തെ സ്റ്റോപ്പായ നാഗര്‍കോവിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.
അവിടെ പ്ലാറ്റഫോം നീട്ടി നിര്‍മിക്കുന്നതിന്റെ പ്രവൃത്തി നടന്നുവരികയാണ്. രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാവുമെന്നാണു കരുതുന്നത്. അതു കഴിഞ്ഞാല്‍ കോച്ചുകള്‍ അനുവദിക്കുന്നകാര്യമാണ് റെയില്‍വേ പരിഗണിക്കുന്നത്.
മലബാറിലെ യാത്രക്കാര്‍ ട്രെയിന്‍യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടാണ് അനഭവിക്കുന്നത്. തിരക്കുള്ള സമയത്ത് ട്രെയിനുകള്‍ വളരെ കുറവാണ്. അതിനുപുറമേ വന്ദേഭാരതിനുവേണ്ടി പാസഞ്ചര്‍ ട്രെയിനുകള്‍ ഏറെനേരം പിടിച്ചിടുകയും ചെയ്യുന്നു.
മംഗലാപുരത്തുനിന്നു രാവിലെ 8.40ന് കോഴിക്കോട്ട് എത്തുന്ന പരശുറാമില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കാലുകുത്താന്‍ ഇടമില്ലാത്ത വിധത്തില്‍ യാത്രക്കാരാണ് ഇതില്‍. തിരക്കുസഹിക്കാന് പറ്റാതെ വനിതാ യാത്രക്കാര്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണ്. റോഡ് പണി നടക്കുന്നതിനല്‍ കണ്ണര് ഭാഗത്തുള്ള യാത്രക്കാര്‍ ബസുകളെ കൈയൊഴിഞ്ഞിരിക്കുകയാണ്.
ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം എത്തേണ്ടവര്‍ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് പരശുറാമില്‍ തിരക്കു കൂടിയത്.
പലതവണ പ്രശ്നത്തിനു പരിഹാരംവേണമെന്നു യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടെങ്കിലും മുഖംതിരിഞ്ഞുനില്ക്കുന്ന നിലപാടാണ് റെയിയിൽവേ എടുത്തിരു ന്നത്.