കോമഡി റോളുകളിലൂടെ മലയാള സിനിമയിലെത്തി, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനുശേഷം സംവിധാന രംഗത്തേയ്ക്ക് കടന്ന വ്യക്തിയാണ് സൗബിന് ഷാഹിര്‍. പറവ എന്ന തന്റെ കന്നി ചിത്രത്തിലൂടെ മലയാള സിനിമാസ്വാദകരെ ഒന്നടങ്കം കൈയ്യിലെടുക്കാനും സൗബിന് കഴിഞ്ഞു. മലയാള സിനിമയിലെ താരമൂല്യമുള്ള നടന്മാരില് പ്രധാനിയായ ദുല്‍ഖര്‍ സല്‍മാനെ തന്നെ നായകനാക്കികൊണ്ട് സൗബിന് നടത്തിയ ആ ‘പറക്കല്‍’ അതിഗംഭീരമെന്ന് വാഴ്ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തോടൊപ്പം ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് അമല്‍ഷാ എന്ന കുട്ടി അവതരിപ്പിച്ച ഇച്ചാപ്പി. സിനിമയുടെ കഥാ പശ്ചാത്തലത്തിന് യോജിച്ച ഇത്തരം മുഖങ്ങളെ സൗബിന് എവിടെ നിന്നാണ് കണ്ടെത്തുന്നത് എന്നതായിരുന്നു സിനിമ കണ്ടവരുടെയെല്ലാം സംശയം. എന്നാല്‍ അവിചാരിതമായി വഴിയരികില്‍ വച്ചുകണ്ട തന്നെ സൗബിന് ചേട്ടന് വിളിക്കുകയായിരുന്നെന്ന് അമല്‍ഷാ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഒരു സ്വകാര്യ ചാനലിലെ കോമഡി ഷോയ്ക്കിടെയാണ് അമല്‍ഷാ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കിയത്.
ഒരു കല്യാണം കഴിഞ്ഞു വരികയായിരുന്നു. അപ്പോ എന്റെ പോക്കറ്റില്‍ ചിക്കന്‍ ഫ്രൈ ഒക്കെയുണ്ടായിരുന്നു. അത് തിന്നോണ്ട് വരുന്ന വഴിക്ക് സൗബിനിക്ക എന്നെ വട്ടമിട്ടു. എനിക്ക് മനസ്സിലായില്ല. അപ്പോ എന്നോട് പറഞ്ഞ് നിന്റെ വീട്ടിലെ നമ്പറെടുക്കാന്‍. ഞാന്‍ വിചാരിച്ച് ചിക്കന്‍ ഫ്രൈ എടുത്തതിന് അവിടുന്ന് ആളു വന്നിരിക്കയാണെന്ന്. ഞാന്‍ പറഞ്ഞ് വീട്ടിലെ നമ്പര്‍ തരില്ലാ എന്റെ നമ്പര്‍ മതീന്ന്. അങ്ങനെ എന്റെ നമ്പര്‍ കൊടുത്ത്. വൈകീട്ട് അവര്‍ വിളിച്ച് സിനിമയിലെടുക്കുവാണെന്ന് പറഞ്ഞ്. പിന്നെ എല്ലാ ദിവസവും വിളിക്കുവാര്‍ന്നു. അങ്ങിനെ ട്രെയിനിങ്ങും കാര്യവുമെല്ലാം ആയി.’ താരം പറയുന്നു.