ഒരു സിനിമയിലെങ്കിലും തലകാണിച്ചു കഴിഞ്ഞാല്‍ പിന്നെ സിനിമാതാരമെന്ന ജാഡയുമായി കഴിയുന്നവരാണ് സിനിമാക്കാരില്‍ പലരും. സിനിമ ഹിറ്റായാല്‍ പിന്നെ പറയുകയും വേണ്ട. ചെറുപ്പക്കാരായ കുട്ടികളാണ് ഇത്തരത്തില്‍ സിനിമയില്‍ താരമാകുന്നതെങ്കില് അവര്‍ക്ക് ഷൈന്‍ ചെയ്യാനുള്ള അവസരം സ്കൂളിലും നാട്ടിലുമാണ്.
എന്നാല്‍ ദുര്‍ഖര്‍ സല്മാന് നായകനായ പറവ എന്ന ചിത്രത്തിലെ അഭിനയ മികവുകൊണ്ടും ചിത്രത്തിന്റെ വിജയം കൊണ്ടും താരമായി നില്‍ക്കുകയാണെങ്കിലും ഇതുവരെ ചെയ്തുവന്നിരുന്ന പതിവ് കടമകള്‍ക്ക് മാറ്റം വരുത്താതെ പിന്തുടരുകയാണ് ഗോവിന്ദ് വി പൈ എന്ന മിടുക്കന്.
പകല്‍ സ്കൂളും രാത്രി തട്ടുകടയുമായാണ് പറവയിലെ ഹസീബ് ആയി വേഷമിട്ട ഗോവിന്ദ് ജീവിക്കുന്നത്. സ്കൂള്‍ വിട്ടശേഷം അമ്മനടത്തുന്ന തട്ടുകടയില്‍ സഹായിക്കാനെത്തും ഗോവിന്ദ്. അമ്മയോടൊപ്പം രാത്രി 11 മണി വരെ നീളുന്ന കച്ചവടം കഴിഞ്ഞാണു പഠനം. മട്ടാഞ്ചേരി ടിഡി ഹൈസ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു പറവ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ‘വീണുകിട്ടിയത്’.
സംവിധായകന് സൗബിന് ഷാഹിറും കൂട്ടുകാരും അമ്മയുടെ ചായക്കടയില്‍ ചായ കുടിച്ചു നില്ക്കുന്ന സമയത്താണു സൈക്കിളില്‍ അതിവേഗത്തില്‍ പാഞ്ഞുവന്ന ഗോവിന്ദ് അവരുടെ മുന്നില്‍ സൈക്കിളുമായി വീഴുന്നത്.
അഭിനയം എന്ന് കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന തന്നെ പിടിച്ചെഴുന്നേല്പിച്ച ശേഷം സിനിമയില്‍ അഭിനയിക്കാമോ എന്ന ചോദ്യം സൗബിന് ചോദിച്ചതാണ് സിനിമയിലേക്ക് കടന്നുവരാനുള്ള സാഹചര്യമെന്നു ഗോവിന്ദ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. തുറവൂര്‍ ടിഡി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണു ഗോവിന്ദ്. ദുല്‍ഖറിന്റെ സഹോദരനായിട്ടായിരുന്നു ഗോവിന്ദ് അഭിനയിച്ചത്.