മട്ടന്നൂർ: ജൈവ കർഷകൻ തില്ലങ്കേരി കാഞ്ഞിരാട്ടെ ഷിംജിത്തിന്റെ കൃഷിയിടത്തിൽ വിരുന്നെത്തിയ അപൂർവ ചിത്രശലഭങ്ങൾ കൗതുകമായി. സമുദ്രനിരപ്പിൽ നിന്നു രണ്ടായിരം അടി ഉയരത്തിൽ കാണുന്ന തെളിനിലക്കടവ ചിത്രശലഭങ്ങളാണ് കൂട്ടത്തോടെ കൃഷിയിടത്തിൽ വിരുന്നെത്തിയത്.
പശ്ചിമഘട്ട മലനിരകളിലും മറ്റും കണ്ടു വരുന്ന ഇവ ആദ്യമായാണ് ഷിംജിത്തിന്റെ കൃഷിയിടത്തിലെത്തുന്നത്. വിവിധയിനം ഔഷധചെടികളും പച്ചക്കറികളും പഴവർഗങ്ങളും നടീൽ വസ്തുക്കൾ ഉൾപ്പെടെ പരന്നു കിടക്കുന്ന കൃഷിയിടം കാണാൻ വിദ്യാർഥികൾ ഉൾപ്പെടെ എത്തുമ്പോഴാണ് ചിത്രശലഭവും എത്തിയത്.
കനത്ത മഴയിലും പറന്നുല്ലസിക്കുന്ന ഈ ശലഭത്തിനു വേനൽക്കാലം അത്ര താൽപര്യമില്ല. വേനൽക്കാലം വരുമ്പോൾ ഇവ ഉൾക്കാടുകളിലക്ക് വലിയും. കൂട്ടമായി വള്ളിച്ചെടികളിലും മരച്ചില്ലകളിലുമാണ് ഇവ വിശ്രമിക്കാറുള്ളത്.