
പാവറട്ടി: കടലാസു ചുരുളുകൾ കൊണ്ട് ഇടവക ദേവാലയ മാതൃകയൊരുക്കി ശ്രദ്ധേയനാവുകയാണ് ചിറ്റാട്ടുകര സ്വദേശിയായ യുവാവ്.
ചിറ്റാട്ടുകര ജനശക്തി റോഡിനു സമീപം താമസിക്കുന്ന കുറ്റിക്കാട്ട് വീട്ടിൽ തോമാസ് മകൻ ജെൻസനാണ് ന്യൂസ് പേപ്പർ കൊണ്ട് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ മാതൃക തീർത്തിട്ടുള്ളത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് വീടിനു സമീപം വെൽഡിംഗ് ജോലികൾ ചെയ്യുന്ന ജെൻസൻ ഒഴിവു സമയങ്ങളിലാണ് ദേവാലയ മാതൃക ന്യൂസ് പേപ്പറിൽ തീർത്തത്.
ലോക്ക് ഡൗണ്‍ സമയത്ത് പള്ളിയിൽ പോകാൻ സാധിക്കാത്ത മാതാപിതാക്കളുടെയും മക്കളുടെയും വിഷമം തീർക്കാൻ വീട്ടിൽ കടലാസുകൊണ്ട് ദേവാലയം തീർക്കുകയായിരുന്നുവെന്ന് ജെൻസൻ പറയുന്നു. ദിവസവും രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ സമയം എടുത്ത് ഏകദേശം രണ്ടു മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
അപ്പൻ തോമസും അമ്മ ലില്ലിയും ഭാര്യ ജിജിനയും മക്കളായ അലൻ, ആൽമിയ എന്നിവരും ദേവാലയ മാതൃകയുടെ നിർമ്മാണത്തിൽ പങ്കു ചേർന്നു.
ദിനപത്ര കടലാസ് ചുരുട്ടിയാണ് പള്ളിയുടെ മാതൃക ഉണ്ടാക്കിയത്. അഞ്ച് അടി നീളവും അഞ്ച് അടി വീതിയും, 3.5 അടി ഉയരമുള്ള പള്ളിയുടെ മാതൃക പൂർത്തിയാക്കാൻ ഏകദേശം 12 കിലോ ന്യൂസ് പേപ്പർ വേണ്ടി വന്നു.
ഒരടി നീളത്തിൽ പേപ്പർ സ്ട്രോ ആയി ചുരുട്ടി ആവശ്യാനുസരണം കൂട്ടിചേർത്താണ് പള്ളിയുടെ മാതൃക പൂർത്തിയാക്കിയത്. 250 മത് ജൂബിലി ആഘോഷിക്കുന്ന ഈ വർഷം തന്നെ ഇത്തരത്തിൽ പള്ളിയുടെ മോഡൽ ഉണ്ടാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ജൻസനും കുടുംബവും.
നാലായിരം പേപ്പർ ചുരുൾ ഇതിന് വേണ്ടി വന്നു. പള്ളിയുടെ മുന്നിലെ കൽകുരിശ്, കൊടിമരം, പിൻവശത്തുള്ള സങ്കീർത്തി, മളി മാണിക, എന്നിവയെല്ലാം കടലാസുകൊണ്ട് മനോഹരമായി തീർത്തിട്ടുണ്ട്.