മലയാളസിനിമയില്‍ ആര്‍ക്കും ഇതുപോലൊരു ഗതി വരാന്‍ സാധ്യതയില്ല. അതും മിസ് ഇന്ത്യ ഒക്കെയായി തിളങ്ങിയ താരത്തിനാണെന്ന് ഓര്‍ക്കണം. പറഞ്ഞുവരുന്നത് പാര്‍വതി ഓമനക്കുട്ടന്റെ കാര്യമാണ്. സുസ്മിത സെന്‍ മുതല്‍ പ്രിയങ്ക ചോപ്ര വരെയുള്ളവര്‍ റാമ്പില്‍നിന്ന് സിനിമയിലെത്തിയവരാണ്. സിനിമയില്‍ വെന്നിക്കൊടി പാറിക്കുകയും ചെയ്തു. എന്നാല്‍, ബില്ല എന്ന അജിത്ത് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ പാര്‍വതിക്ക് മലയാളത്തിലേക്കുള്ള വരവ് തിരിച്ചടികളുടേതായിരുന്നു.
മലയാളം സിനിമകളില്‍ വില്ലനായും കോമേഡിയനായും തിളങ്ങിയിട്ടുള്ള ബൈജു ജോണ്സണ് എന്ന എഴുപുന്ന ബൈജുവിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ‘കെ ക്യൂ’ ആയിരുന്നു പാര്‍വതിയുടെ ആദ്യ ചിത്രം. തട്ടിക്കൂട്ട് ചിത്രത്തില്‍ തലവച്ച് കൊടുത്ത പാര്‍വതി പെട്ടുപോകുകയും ചെയ്തു. അങ്ങനെ ഒരു ചിത്രത്തില്‍ കരാറൊപ്പിട്ട് പോയല്ലോ എന്ന ചിന്തയായിരുന്നു സിനിമ ചിത്രീകരിക്കുമ്പോള്‍ ഉടനീളം മനസിലെന്ന് പാര്‍വതി പറയുന്നു. ആദ്യം എന്നോട് പറഞ്ഞ താരങ്ങളൊന്നുമായിരുന്നില്ല ചിത്രത്തില്‍ അഭിനയിച്ചത്. കരാറൊപ്പിട്ട് ഒരാഴ്ച ചിത്രീകരണം പിന്നിട്ടപ്പോഴാണ് അഭിനയിക്കുന്ന താരങ്ങള്‍ വേറെയാണെന്ന് അറിഞ്ഞത്. അങ്ങനെ കുറേ പ്രശ്നങ്ങള്‍. അതോടെ മനസുമടുത്തു.
ഒടുവില്‍ ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അതോടെ നിര്‍മാതാവിന്റെ ഭാര്യ വിളിച്ച് കരച്ചിലോട് കരച്ചില്. എനിക്കും വിഷമമായി. ആരെയും ഉപദ്രവിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ആ സിനിമ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോള്‍ ‘നിനക്ക് വേണ്ടിയല്ല എങ്കിലും സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിയ്ക്കുന്നവര്‍ക്ക് വേണ്ടി ഈ സിനിമ നീ പൂര്‍ത്തിയാക്കണം. അവരുടെ ജീവിതം ഈ സിനിമയില്‍ നിന്ന് കിട്ടുന്ന ദിവസവേതനം കൊണ്ടാണ്’ എന്ന് അമ്മ പറഞ്ഞു. എന്നാല്‍ തീയറ്ററില്‍ ഒരു നേട്ടവും ഉണ്ടാക്കാത്ത ആ സിനിമ എനിക്ക് സമ്മാനിച്ചത് നാണക്കേട് മാത്രമാണ്.